രാഹുല്‍ ഗാന്ധി തെളിവടക്കം ഉന്നയിച്ച വോട്ട് കൊള്ളയില്‍ പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ച് ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തു നീക്കിയ ഡല്‍ഹി പോലീസ് നടപടി സംഘര്‍ഷത്തിന് ഇടയാക്കി. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം പങ്കെടുത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍വച്ചാണ് ഡല്‍ഹി പൊലീസ് തടഞ്ഞത്. റോഡ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. പിരിഞ്ഞുപോകണമെന്ന് പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ എംപിമാര്‍ തയാറായില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അടക്കം അറസ്റ്റ് ചെയ്ത് നീക്കി പ്രതിഷേധം അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിച്ചത്. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ അട്ടിമറിയും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്‌പെഷല്‍ ഇന്റ്റെന്‍സീവ് റിവിഷനും (എസ്‌ഐആര്‍) മുന്‍നിര്‍ത്തിയാണു പ്രതിപക്ഷ പ്രതിഷേധം.
പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആര്‍ജെഡി, എന്‍സിപി(എസ്പി), ശിവസേന (ഉദ്ധവ് വിഭാഗം), നാഷനല്‍ കോണ്‍ഫറസ് തുടങ്ങിയ പാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു. 12 എംപിമാരുള്ള ആം ആദ്മി പാര്‍ട്ടിയെ ഉള്‍പ്പെടുത്തുന്നതിനായി ഇന്ത്യ സഖ്യത്തിന്റെ ബാനര്‍ ഇല്ലാതെയാണ് മാര്‍ച്ച് നടത്തുന്നത്. കഴിഞ്ഞ മാസം ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍ നിന്നു പുറത്തുപോയിരുന്നു. പ്രാദേശിക ഭാഷകളിലടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം. നേരത്തെ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
മാര്‍ച്ചിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് സമയം അനുവദിച്ചെങ്കിലും 30 പേരെ മാത്രം ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.
#WATCH | Delhi: Samajwadi Party chief Akhilesh Yadav jumps over a police barricade as Delhi Police stops INDIA bloc leaders marching from the Parliament to the Election Commission of India to protest against the Special Intensive Revision (SIR) of electoral rolls in poll-bound… pic.twitter.com/X8YV4mQ28P
— ANI (@ANI) August 11, 2025
Read more
കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്ന വോട്ടര്‍പട്ടിക ക്രമക്കേട് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. വിഷയം വലിയ തോതില്‍ ചര്‍ച്ചയായെങ്കിലും മറുപടി നല്‍കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഡിജിറ്റല്‍ വോട്ടര്‍പട്ടിക കൈമാറാതെയും വീഡിയോ തെളിവുകള്‍ (സിസിടിവി ദൃശ്യങ്ങള്‍) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സര്‍ക്കുലറിറക്കിയും കമ്മിഷന്‍ ബിജെപിക്ക് ഒത്താശചെയ്യുന്നെന്നാണ് രാഹുലിന്റെ ആരോപണത്തിനും കമ്മിഷന്‍ ഉത്തരംനല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാംപയിന്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചത്. വിഷയമുയര്‍ത്തി രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷപാര്‍ട്ടികളുടെ എംപിമാര്‍ പ്രതിഷേധമാര്‍ച്ച് നടത്തുന്നത്.







