'കേരളത്തില്‍ എയിംസ് വന്നിരിക്കും, ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ നേടിയെടുക്കണം'; ബജറ്റ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതോടെ വീണ്ടും സുരേഷ് ഗോപി

ധനമന്ത്രി നിര്‍മല സീതിരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തതിലും കേന്ദ്രം തുടരുന്ന സംസ്ഥാനത്തോടുള്ള അവഗണനയില്‍ പ്രതിഷേധം ഉയരുമ്പോഴും വീണ്ടും എയിംസ് വാഗ്ദാനവുമായി സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്റെ നിലപാടാണെന്ന് പറഞ്ഞ സൂപ്പര്‍ താരം കേന്ദ്രമന്ത്രി ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ നേടിയെടുക്കണമെന്നും പറഞ്ഞു.

ഇനിയും സമയമുണ്ട് എന്നാണ് സുരേഷ് ഗോപിയുടെ പുത്തന്‍ വാഗ്ദാനത്തിലെ പ്രധാന ടാഗ്ലൈന്‍. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാല്‍ എയിംസ് വന്നിരിക്കുമെന്നാണ് സുരേഷ് ഗോപിയുടെ ഉറപ്പ്. എയിംസ് വരാന്‍ കേരളം എന്ത് ചെയ്‌തെന്ന് പറയണമെന്നും ഇലക്ഷന്‍ ഒന്ന് മാറ്റി വെച്ചാല്‍ ഇപ്പോള്‍ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.

ബജറ്റില്‍ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ല്‍ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയ വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമരം പുനര്‍നിര്‍മ്മാണം വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടില്‍ നിന്നുള്ള സ്വര്‍ണ്ണം ഭീമയില്‍ കൊണ്ട് കൊടുത്താണ് 24 കാരറ്റ് സ്വര്‍ണ്ണമാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

Read more

മറ്റേ മോന്‍ പരാമര്‍ശത്തിലും സുരേഷ് ഗോപി വിശദീകരണം നല്‍കി. മറ്റേ മകന്‍ എന്നാണ് ഉദ്ദേശിച്ചത്. പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞു എന്നേ ഉള്ളുവെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.