"മാപ്പ് പറഞ്ഞില്ല": എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭാ ചെയർമാൻ; വാക്കൗട്ട് നടത്തി പ്രതിപക്ഷം

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കില്ലെന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു. സർക്കാർ നീക്കത്തെ വെങ്കയ്യ നായിഡു ന്യായീകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം ബഹളം വെച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയി.

എം.പിമാർ ഖേദം പ്രകടിപ്പിക്കാത്തതിനാൽ സസ്പെൻഷൻ തുടരുമെന്നും നായിഡു പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ഖേദം പ്രകടിപ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ (കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ) അപ്പീൽ താൻ പരിഗണിക്കുന്നില്ലെന്നും സസ്പെൻഷൻ പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള സർക്കാർ നീക്കം (പട്ടികയിൽ കോൺഗ്രസിൽ നിന്നുള്ള ആറ് പേർ ഉൾപ്പെടുന്നു) വിവേചനപരമാണെന്നും നിയമങ്ങൾക്ക് വിരുദ്ധമാണെന്നും മല്ലികാർജുൻ ഖാർഗെ നേരത്തെ വാദിച്ചിരുന്നു. “12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

എംപിമാരുടെ സസ്‌പെൻഷൻ നിലനിൽക്കുമെന്ന് നായിഡു പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം വാക്കൗട്ട് നടത്തി, അവരോടൊപ്പം തൃണമൂൽ കോൺഗ്രസും ചേർന്നു.ഇന്ന് രാവിലെ നടന്ന പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിട്ടുനിന്നിരുന്നു.

പ്രതിപക്ഷത്തിന് പുറത്തു പോകാൻ എല്ലാ അവകാശവും ഉണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. “ജനാധിപത്യത്തിൽ… പാർലമെന്റിൽ… അവർക്ക് (പ്രതിപക്ഷത്തിന്) പുറത്തുപോകാം (പക്ഷേ) സഭ പ്രവർത്തിക്കണം.” വെങ്കയ്യ നായിഡു പറഞ്ഞു.

സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് രാവിലെ പറഞ്ഞിരുന്നു. “സഭയുടെ അന്തസ്സ് നിലനിർത്താൻ, ഈ സസ്‌പെൻഷൻ നിർദ്ദേശം സഭയുടെ മുമ്പാകെ വെയ്ക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ ഈ 12 എംപിമാർ തങ്ങളുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാൽ, തുറന്ന ഹൃദയത്തോടെ അവരുടെ നിർദ്ദേശം പോസിറ്റീവായി പരിഗണിക്കാൻ സർക്കാർ തയ്യാറാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11 ന് പ്രതിപക്ഷം എങ്ങനെയാണ് പെരുമാറിയതെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്ന് ജോഷി നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

“എല്ലാ ക്ലിപ്പിംഗുകളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്, അവർ തന്നെ അത് സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്. നടപടിയെടുക്കാൻ ലഭ്യമായ ആദ്യത്തെ അവസരമാണിത്, ചെയർ നടപടി സ്വീകരിച്ചു,” അദ്ദേഹം പറഞ്ഞു.

“അഭൂതപൂർവമായ പെരുമാറ്റദൂഷ്യവും നിന്ദ്യവും അക്രമാസക്തവും അനിയന്ത്രിതവുമായ പെരുമാറ്റവും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മനഃപൂർവമായ ആക്രമണവും” എംപിമാർ സ്വമേധയാ ചെയ്തുവെന്ന് സസ്പെൻഷൻ പ്രമേയത്തിൽ പറയുന്നു.

ശിവസേനയുടെ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി, തൃണമൂൽ കോൺഗ്രസിന്റെ ഡോല സെൻ, ശാന്ത ഛേത്രി സിപിഎമ്മിന്റെ എളമരം കരീം സി.പി.ഐയുടെ ബിനോയ് വിശ്വം എന്നിവരും ആറ് കോൺഗ്രസ് നേതാക്കളും സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.