"രാജ് കുന്ദ്രയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയില്ലായിരുന്നു": പൊലീസിനോട് ശിൽപ ഷെട്ടി

അശ്ലീല വീഡിയോ നിർമ്മിക്കുകയും മൊബൈൽ ആപ്പുകളിൽ സ്ട്രീം ചെയ്യുകയും ചെയ്തു എന്ന ആരോപണത്തെ തുടർന്ന് ജയിലിലായ രാജ് കുന്ദ്രയ്‌ക്കെതിരായ കുറ്റപത്രത്തിൽ നടിയും ഭാര്യയുമായ ശിൽപ ഷെട്ടിയെ മുംബൈ പോലീസ് സാക്ഷിയാക്കി.

ഭർത്താവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അറിയില്ലെന്ന് ശിൽപ ഷെട്ടി പോലീസിനോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. താൻ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു എന്നും രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നത് എന്ന് തനിക്കറിയില്ലായിരുന്നു എന്നും മുംബൈ പൊലീസ് സമർപ്പിച്ച 1400 പേജുള്ള കുറ്റപത്രത്തിന്റെ ഭാഗമായ നടിയുടെ മൊഴിയിൽ പറയുന്നു.

അശ്ലീല വീഡിയോ റാക്കറ്റുമായി ബന്ധപ്പെട്ട “ഹോട്ട്‌ഷോട്ട്സ്”, “ബോളിഫെയിം” എന്നീ വിവാദ ആപ്പുകളെക്കുറിച്ച് അറിയില്ലെന്നും ശിൽപ ഷെട്ടി പൊലീസിനോട് പറഞ്ഞു. അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടതിന് തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും “ഹോട്ട്‌ഷോട്ട്സ്” നീക്കം ചെയ്തതിനു പിന്നാലെ ബോളിഫെയിം എന്ന മറ്റൊരു ആപ്പ് ആരംഭിച്ചു.

വ്യവസായി രാജ് കുന്ദ്ര (45) അശ്ലീല റാക്കറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ വിയാൻ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പരിസരം ഉപയോഗിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ജൂലൈ 19 നാണ് രാജ് കുന്ദ്രയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തത്, നാല് ജീവനക്കാർ രാജ് കുന്ദ്രക്കെതിരെ സാക്ഷികളായി മാറിയതായി കരുതപ്പെടുന്നു.

അതേസമയം ഉള്ളടക്കം ഇറോട്ടിക്ക് എന്ന് തരംതിരിക്കാമെങ്കിലും അശ്ലീലമല്ലെന്നും നെറ്റ്ഫ്ലിക്സ് പോലുള്ള ഓ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സമാനമായ ഉള്ളടക്കം ലഭ്യമാണെന്നും രാജ് കുന്ദ്ര കോടതിയിൽ വാദിച്ചു.

അശ്ലീല ഉള്ളടക്കം സ്വകാര്യമായി കാണുന്നത് നിയമപരമാണെങ്കിലും “അശ്ലീല ഉള്ളടക്കം” പ്രസിദ്ധീകരിക്കുന്നതിനും കൈമാറുന്നതിനും എതിരെ ശക്തമായ നിയമമാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യൻ സൈബർ നിയമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ രാജ് കുന്ദ്രയും സഹോദരനും ചേർന്ന് യുകെ ആസ്ഥാനമായി കമ്പനി സ്ഥാപിക്കുകയും ആ രാജ്യത്ത് രജിസ്റ്റർ ചെയ്യുകയും ചെയ്തു എന്ന് പൊലീസ് ആരോപിക്കുന്നു.