80,000 പൊലീസുകാരുണ്ടായിട്ടും അമൃത്പാല്‍ കടന്നു കളഞ്ഞു? വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍ പതിപ്പിച്ച് പൊലീസ്

ഖലിസ്ഥാന്‍ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍ സിംഗിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പഞ്ചാബ് പൊലീസ്. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ ശക്തമായ പരിശോധന നടക്കുന്നുണ്ട്.

ശനിയാഴ്ച ജലന്തറില്‍ പൊലീസിനെ വെട്ടിച്ച് കാറില്‍ കടന്ന അമൃത്പാല്‍, പ്രദേശത്തുള്ള ഗുരുദ്വാരയില്‍ ഒളിച്ചെന്നും പിന്നീട് വേഷം മാറി, ബൈക്കില്‍ പോയെന്നും പഞ്ചാബ് ഐജി സുഖ്‌ചെയ്ന്‍ സിങ് ഗില്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കാര്‍ കണ്ടെടുത്തു.

ഇതില്‍ നിന്നും തോക്ക്, വാള്‍ എന്നിവയും കണ്ടെടുത്തു. പല വേഷത്തിലും രൂപത്തിലുമുള്ള അമൃത്പാലിന്റെ ചിത്രങ്ങളടങ്ങിയ നോട്ടീസുകള്‍ പഞ്ചാബില്‍ ഉടനീളം പൊലീസ് പതിപ്പിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു.

അതേസമയം, അമൃത്പാലുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി പൊലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. 80,000 പൊലീസുകാരുണ്ടായിട്ടും അമൃത്പാല്‍ എങ്ങനെ കടന്നുകളഞ്ഞെന്നു ജഡ്ജി എന്‍.എസ്.ശെഖാവത്ത് ചോദിച്ചു.

അമൃത്പാലുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് 4 ദിവസത്തിനകം സമര്‍പ്പിക്കാന്‍ പൊലീസിനോടു കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിനുള്ള അമിക്കസ് ക്യൂരിയായി തനു ബേദിയെ നിയമിച്ചു.