'ആദ്യം കര്‍ഷകനായിരുന്നു, പിന്നീടാണ് ഒരു പൊലീസുകാരനായത്'; കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി പഞ്ചാബ് ജയില്‍ ഡി.ഐ.ജി രാജിവച്ചു

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം നയിക്കുന്ന കര്‍ഷക സഹേദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്നാണ് രാജികത്തില്‍ ലഖ്മീന്ദര്‍ സിങ് വ്യക്തമാക്കിയത്.

അടിസ്ഥാനപരമായി ഞാന്‍ കര്‍ഷകനാണ്, പിന്നീടാണ് ഞാന്‍ ഒരു പൊലീസുകാരനാവുന്നത്. എന്റെ അച്ഛന്‍ വയലുകളില്‍ ഒരു കര്‍ഷകനായി ജോലി ചെയ്യുകയും എന്നെ പഠിപ്പിക്കുകയും ചെയ്തു. അതിനാല്‍, എന്റെ എല്ലാ കൃഷിക്കാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു, ”ലക്ഷ്മീന്ദര്‍ പറഞ്ഞു.

താന്‍ ഉടനെ തന്നെ ഡല്‍ഹിയിലെ സമര സ്ഥലം സന്ദര്‍ശിച്ചേക്കുമെന്നും ലക്ഷ്മീന്ദര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ശിരോമണി അകാലിദള്‍ (ഡെമോക്രാറ്റിക്) നേതാവ് സുഖ്‌ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍ തുടങ്ങിയവര്‍ പത്മാ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ നിരവധി കായിത താരങ്ങളും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.

അതേസമയം രണ്ടാം ഘട്ട ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിയ രാജസ്ഥാനിൽനിന്നുള്ള കർഷകരെ രാജസ്ഥാന്‍ – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. പൊലീസിനൊപ്പം സൈന്യത്തെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ജയ്പുർ – ഡൽഹി ദേശീയപാത അടച്ചു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബിൽനിന്നുള്ള ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയാണ്.

കർഷകർ രണ്ട് ചുവടു വയ്ക്കുകയാണെങ്കിൽ സർക്കാരും രണ്ടു ചുവടു വച്ച് പരിഹാരം കാണുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു.

ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രാജസ്ഥാനില്‍നിന്ന് നൂറുകണക്കിന് കര്‍ഷകരാണ് ഡൽഹിയിലേക്കു മാര്‍ച്ച് ചെയ്തത്. കര്‍ഷക സംഘടനാ നേതാക്കള്‍ നാളെ നിരാഹാര സമരം അനുഷ്ഠിക്കും.

എന്നാൽ ഇന്നലെ മുതൽ രാജസ്ഥാനിൽ നിന്ന് കർഷകർ വലിയതോതിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു.