രാഷ്ട്രപതി തിരഞ്ഞെടുപ്പ്; കേരളത്തിലും ക്രോസ് വോട്ടിംഗ് , ഒരു എം.എല്‍.എയുടെ വോട്ട് ദ്രൗപതിക്ക്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലും ക്രോസ് വോട്ടിംഗ് നടന്നു. ദ്രൗപതി മുര്‍മുവിന് കേരളത്തില്‍ നിന്നും വോട്ടു ലഭിച്ചു. കേരളത്തിലെ 140 എംഎല്‍എമാരില്‍ ഒരാളാണ് ദ്രൗപതിക്ക് വോട്ടു ചെയ്തത്. എന്നാല്‍ ഇതാരാണെന്ന് വ്യക്തമല്ല.

പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ബിജെപി-എന്‍ഡിഎ സഖ്യത്തിന് നിയമസഭയില്‍ ഒരു എംഎല്‍എ പോലുമില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ ഒരു എംഎല്‍എ ഇരു മുന്നണികളുടെയും പൊതു തീരുമാനത്തിന് വിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.

ജനതാദള്‍ എസ് ദേശീയ നേതൃത്വം ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് കേരള ഘടകം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്യുക എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

64.03 ശതമാനം വോട്ട് ദ്രൗപതിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. പ്രതിപക്ഷത്തെ 17 എംപിമാര്‍ മുര്‍മുവിന് അനുകൂല ക്രോസ് വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.