കനത്തമഴയില്‍ അബോധാവസ്ഥയിലായ ആളെ ചുമലിലേറ്റി പൊലീസ് ഉദ്യോഗസ്ഥ; വൈറലായി വീഡിയോ

 

കനത്ത മഴയെ തുടർന്ന് വലിയ കെടുതിയിലാണ് തമിഴ്‌നാട്. തലസ്ഥാന നഗരമായ ചെന്നൈയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. കനത്തമഴയില്‍ അങ്ങിങ്ങായി കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും.

രാജേശ്വരി എന്ന പൊലീസ് ഇന്‍സ്പെക്ടര്‍ അബോധാവസ്ഥയിലായ ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്വന്തം ചുമലിലേറ്റി കൊണ്ടു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഉദയ എന്ന വ്യക്തിയാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തെ രാജേശ്വരി ചുമലിലേറ്റി ഓട്ടോയില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ ആണ് വൈറൽ ആയിരിക്കുന്നത്. ഉദയ ഇപ്പോൾ ചികിത്സയിലാണ്.

കില്‍പ്പോക്ക് മേഖലയിലെ ടി.പി.ചൈത്രത്തിലെ സെമിത്തേരിയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു ഉദയ. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം നിറഞ്ഞിരുന്നു. സെമിത്തേരിയില്‍ ജോലി ചെയ്യുന്ന ഉദയയ്ക്ക് അസുഖം ബാധിച്ച് ബോധം നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തെയാണ് രാജേശ്വരി സഹായിച്ചത്.

രാജേശ്വരിയുടെ സമയോചിതമായ ഈടപെടലിന് ഐ.എ.സ് ഉദ്യോഗസ്ഥരടക്കം നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

അതിനിടെ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി കൊണ്ടിരിക്കുകയാണ്.