കര്‍ഷകര്‍ക്ക് നേരെ വീണ്ടും പൊലീസ് ക്രൂരത; ശംഭുവില്‍ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കെതിരെ പൊലീസ് അതിക്രമം. സംഘര്‍ഷം രൂപപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കര്‍ഷക നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ വച്ച് തടയുന്നത് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കലാണെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചാല്‍ സമാധാനപരമായി മാര്‍ച്ച് നടത്തുമെന്നും കര്‍ഷക നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയും ഹരിയാന പൊലീസ് അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

Read more

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നേതാക്കളുമായി വീണ്ടും ചര്‍ച്ചയ്ക്ക് താത്പര്യം അറിയിച്ചിട്ടുണ്ട്. നാലാമത്തെ ചര്‍ച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹി ചലോ മാര്‍ച്ചിന് തയ്യാറായത്. ഹൈഡ്രോളിക് ക്രെയിന്‍ ഉള്‍പ്പെടെയുള്ള വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ പൊലീസ് നിയന്ത്രണങ്ങള്‍ മറികടക്കാന്‍ അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്.