ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ മോദിക്ക് പേടി; പ്രധാനമന്ത്രി മത ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദു വികാരമുണ്ടാക്കുന്നുവെന്ന് പ്രകാശ് കാരാട്ട്

തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ നിരാശയിലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഒന്നാം ഘട്ടത്തില്‍ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ടാകാം. അതുകൊണ്ട് ഇപ്പോള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദു വികാരമുണ്ടാക്കി വോട്ട് പിടിക്കലാണ് മോദിയുടെ ലക്ഷ്യം. രാജസ്ഥാനിലെ റാലിയില്‍ നടത്തിയ വിദ്വേഷ പ്രസംഗം ഇതിന്റെ ഭാഗമാണ്. എന്നാല്‍, ഇന്ത്യ കൂട്ടായ്മ ഒരുമിച്ച് ബിജെപിയെ എതിര്‍ക്കേണ്ട ഈ സമയത്തും കോണ്‍ഗ്രസ് ഇടതുപക്ഷത്തെ ആക്രമിക്കാനാണ് ശ്രമിക്കുന്നത്.

രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടും കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. പി ചിദംബരം കേരളത്തില്‍ വന്ന് പറഞ്ഞത് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സിഎഎ നിലപാട് ഉള്‍പ്പെടുത്താന്‍ സ്ഥലമില്ലായിരുന്നു എന്നാണ്.

സിഎഎ പിന്‍വലിക്കുമെന്ന് എഴുതി ചേര്‍ത്താല്‍ പ്രകടനപത്രിക വലുതായി പോകുമോ? സിഎഎയില്‍ നിലപാട് തുറന്ന് പറയാന്‍ കോണ്‍ഗ്രസ് ഭയക്കുന്നത് എന്തിനാണ്? ബിജെപിയ്ക്കെതിരെ ശക്തമായ നിലപാട് അന്നും ഇന്നും സ്വീകരിച്ചത് ഇടതുപക്ഷമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.