ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ആരംഭിച്ചു; കേരളത്തിന് ജാഗ്രതാനിര്‍ദേശം

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്നു വൈകിട്ട് 4.30ന് ആരംഭിച്ച യോഗത്തില്‍ ാജ്യത്ത് കോവിഡ് വ്യാപനം ഏത് രീതിയില്‍ നിലനില്‍ക്കുന്നു എന്നു സംബന്ധിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

രാജ്യത്ത് 1,134 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതോടെ അകെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 7,026 ആയി ഉയര്‍ന്നു. അഞ്ച് മരണങ്ങള്‍ കൂടെയുണ്ടായതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,30,813 ആയി. നിലവില്‍ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്.

കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. പ്രാദേശിക വ്യാപനമാണ് കേസുകളുടെ വര്‍ധനവിന് കാരണമെന്ന് കത്തില്‍ സൂചിപ്പിച്ചു.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 5,30,813 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്.