റഷ്യ വഴിയുള്ള രക്ഷാപ്രവര്‍ത്തനം; മോദി പുടിനുമായി ഇന്ന് ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ഇന്ന് ചര്‍ച്ച നടത്തും. റഷ്യ വഴിയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനം ചര്‍ച്ചയാവും. ഇന്ത്യന്‍ എംബസി കീവില്‍ നിന്ന് ലിവിവിലേക്ക് മാറ്റിയിട്ടുണ്ട്.

ഉക്രൈനിലെ ഹാര്‍കിവ് വിട്ടൊഴിയാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉക്രൈന്‍ സമയം വൈകുന്നേരം ആറു മണിക്ക് മുമ്പ്ഹാര്‍കിവ് ഒഴിയണമെന്നായിരുന്നു എംബസിയുടെ നിര്‍ദേശം. ഹാര്‍കിവില്‍ നിന്ന് അതിര്‍ത്തിയിലുള്ള പെസോച്ചിന്‍, ബബാലിയ, ബേസ്ലിയുഡോവ്ക എന്നീ ഗ്രാമങ്ങളിലേക്ക് മാറാനാണ് നിര്‍ദ്ദേശം.

ഉക്രൈനില്‍ നിന്ന് 80 ശതമാനം ഇന്ത്യക്കാരും അതിര്‍ത്തി കടന്ന് അയല്‍രാജ്യങ്ങളിലേക്ക് എത്തിയതായി വിദേശകാര്യമന്ത്രാലയം. ഇവരെ നാട്ടിലെത്തിക്കാന്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പറക്കുന്നത് 15 വിമാനങ്ങളാണ്.

എംബസിയുടെ നിര്‍ദേശപ്രകാരം 17000ഓളം ഇന്ത്യക്കാര്‍ ഉക്രൈന്‍ വിട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഇതില്‍ 3352 പേര്‍ സുരക്ഷിതമായി ഇന്ത്യയിലെത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് രക്ഷാദൗത്യ വിമാനങ്ങള്‍ നമ്മുടെ പൗരന്മാരുമായി ഇന്ത്യയിലെത്തി. ഇതോടെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എത്തിയ വിമാനങ്ങളുടെ എണ്ണം 15 ആയി.

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം സി-17 ഇതിനോടകം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി കഴിഞ്ഞു. റുമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് വ്യോമസേന വിമാനം ഇന്ന് രാത്രി ഡല്‍ഹിയിലെത്തും.