ആഡംബരങ്ങളോടെ രാജകീയ യാത്ര ചെയ്യാം; 'പല്ലക്കി' ക്ലാസ് പ്രീമിയം ബസ് സര്‍വീസുകള്‍ കേരളത്തിലേക്കും; കാല്‍ലക്ഷം ബസുകളുമായി കര്‍ണാടക ആര്‍ടിസി

കര്‍ണാടക ആര്‍ടിസി ഇറക്കിയ ‘പല്ലക്കി’ ക്ലാസ് പ്രീമിയം ബസ് സര്‍വീസുകള്‍ കേരളത്തിലേക്കും. ബെംഗളൂരു-തിരുവനന്തപുരം, ബെംഗളൂരു-ഏറണാകുളം റൂട്ടിലാണ് ‘പല്ലക്കി’ ക്ലാസ് ബസുകള്‍ സര്‍വീസ് നടത്തുക. പൂജ അവധിക്ക് മുന്‍പ് ഈ സര്‍വീസ് ആരംഭിക്കും. ബസുകള്‍ പ്രീമിയം ക്ലാസില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവയില്‍ ശക്തി പദ്ധതിയനുസരിച്ചുള്ള സൗജന്യയാത്ര ലഭിക്കില്ല.

‘പല്ലക്കി’ എന്നപേരുള്ള സ്ലീപ്പര്‍ ബസുകള്‍ ദീര്‍ഘദൂരസര്‍വീസുകളാകും നടത്തുക. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ 1894 പുതിയ ബസുകള്‍ ഇറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. നിലവില്‍ കര്‍ണാടക ആര്‍.ടി.സിയുടെ നാലു കോര്‍പ്പറേഷനുകളിലായി 23,989 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ബസുകള്‍ കൂടി എത്തുന്നതോടെ കര്‍ണാടക ആര്‍ടിസി ബസുകളുടെ എണ്ണം കാല്‍ലക്ഷം കടക്കും.

കര്‍ണാടക ആര്‍.ടി.സി. പൂജ അവധി ദിനങ്ങള്‍ ഉള്‍പ്പെടുന്ന 19,20,21 തീയതികളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 26 പ്രത്യേകബസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂരിലേക്ക് 20-ന് കേരള ആര്‍.ടി.സിയുടെ ആറു ബസുകളിലായി (പ്രത്യേക സര്‍വീസ് ഉള്‍പ്പെടെ) 13 സീറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ.

21-ന് ആറു ബസുകളിലായി 22 സീറ്റുകളുണ്ട്. കോഴിക്കോട്ടേക്ക് 20-ന് 22 ബസുകളിലായി 186 സീറ്റുകളും 21-ന് 21 ബസുകളിലായി 372 സീറ്റുകളും ബാക്കിയുണ്ട്. രണ്ടുദിവസവും പ്രത്യേക സര്‍വീസുകളിലാണ് ടിക്കറ്റുകള്‍ ബാക്കിയുള്ളത്.

തൃശ്ശൂരിലേക്ക് 20-ന് 24 ബസുകളിലായി 74 സീറ്റുകളും 21-ന് 22 ബസുകളിലായി 186 സീറ്റുകളുമാണുള്ളത്. എറണാകുളത്തേക്ക് 20-ന് പത്തു ബസുകളിലായി 12 ടിക്കറ്റുകളും 21-ന് ഒമ്പതു ബസുകളിലായി 97 സീറ്റുകളുമാണുള്ളത്. കോട്ടയത്തേക്ക് 20-ന് ഏഴു ബസുകളിലായി 30 സീറ്റുകളും 21-ന് അഞ്ചു ബസുകളിലായി 50 സീറ്റുകള്‍ ബാക്കിയുണ്ട്. തിരുവനന്തപുരത്തേക്ക് 20-ന് ഒമ്പതു ബസുകളിലായി 68 സീറ്റുകളും 21-ന് ആറു ബസുകളിലായി 84 സീറ്റുകളുമാണുള്ളത്.