വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായി പാകിസ്ഥന്റെ മുന്നറിയിപ്പ്

ജമ്മുകാശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്ത്യയ്ക്ക് അമേരിക്കയുടേയും പാകിസ്ഥാന്റേയും മുന്നറിയിപ്പ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ആണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയതെന്നാണ് വിവരം. അവന്തിപുരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താനാണ് പദ്ധതി എന്നാണ് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്റെ വിവരം കൈമാറിയത്. ഈ വിവരം പാക്കിസ്ഥാനും ഇന്ത്യയും യു.എസിന് കൈമാറിയിട്ടുണ്ട്. മുന്നറിയിപ്പിനു പിന്നാലെ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഷാങ്ഹായ് ഉച്ചകോടിയില്‍ പാകിസ്ഥാനെ പരോക്ഷമായി മോദി വിമര്‍ശിച്ചിരുന്നു.
ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ ഈവര്‍ഷം ഫെബ്രുവരി പതിനാലാം തീയതി ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 49 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു.