ഡല്‍ഹിയിലും ഓപ്പറേഷന്‍ താമര? എം.എല്‍.എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്, യോഗം വിളിച്ച് കെജ്‌രിവാള്‍

ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടിയുടെ ചില എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 11 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍.

ബിജെപിയില്‍ ചേരാനായി എംഎല്‍എമാര്‍ക്ക് 25 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞദിവസം എഎപി എംഎല്‍എമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആം ആദ് മി പാര്‍ട്ടി പിളര്‍ത്താന്‍ കൂട്ടു നില്‍ക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനം നല്‍കിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

ബിജെപി പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുയാണെന്ന് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്ങും ആരോപിച്ചിരുന്നു. ബിജെപി നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന എഎപി എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജയ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെ ബിജെപി സമീപിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംഎല്‍എമാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിസോദിയയ്ക്ക് എതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും തന്നെ സമീപിച്ച ബിജെപി എംഎല്‍എമാര്‍ പറഞ്ഞതായി സോമ്‌നാഥ് ഭാരതിയും പറഞ്ഞു.