ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്താ സമ്മേളനത്തിൽ കേന്ദ്രം വ്യക്തമാക്കും. സംയുക്ത സൈനിക ആക്രമണത്തിലൂടെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് കേന്ദ്രങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം നടത്തിയത് പുലർച്ചെ 1.44നായിരുന്നു.
ഏപ്രിൽ 22ന് പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ എട്ടുപേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേർക്ക് പരിക്കേറ്റതായും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് ഷരീഫ് പറഞ്ഞു. രണ്ടു പേരെ കാണാതായതായും പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ അഹമ്മദ് ഷരീഫ് അറിയിച്ചു.
Read more
പാകിസ്ഥാനിലെ എട്ട് പ്രദേശങ്ങളിലായി ഇന്ത്യ 24 ആക്രമണങ്ങൾ നടത്തിയതായി പാകിസ്താൻ ആരോപിച്ചു. അതേസമയം, പാകിസ്താനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്പതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ പാക് പ്രദേശത്ത് ഇന്ത്യ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സൈനിക നടപടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി ഓപ്പറേഷൻ നിരീക്ഷിച്ചിരുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.







