ഓരോ അഞ്ച് യുവാക്കളിൽ രണ്ടുപേരെങ്കിലും തൊഴിൽ ഇല്ലാത്തവർ; ഇന്ത്യ തൊഴിലില്ലായ്‌മയിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളെക്കാൾ മുന്നിൽ

ഓരോ അഞ്ച് ഇന്ത്യൻ യുവാക്കളിൽ രണ്ടുപേരെങ്കിലും തൊഴിൽ ഇല്ലാത്തവരും, വിദ്യാഭ്യാസം, ഏതെങ്കിലും തരത്തിലുള്ള പരിശീലനം എന്നിവയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് ഐക്യരഷ്ട്രസഭ (യു.എൻ) റിപ്പോർട്ട്. തൊഴിലില്ലായ്മയുടെ കാര്യത്തിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ ഇന്ത്യ പിന്നിലാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു.

2010 -2018 കാലയളവിൽ 20 നും 34 നും ഇടയിൽ പ്രായമുള്ള 40 ശതമാനം ഇന്ത്യക്കാരും വിദ്യാഭ്യാസം, തൊഴിൽ അഥവാ പരിശീലനം (എൻ.ഇ.ഇ.ടി) എന്നിവയില്ലാത്തവരാണെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആന്റ് പ്രോസ്പെക്റ്റ്സ് 2020 റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മൂന്നിലൊന്നാണ് തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയ്ക്ക് പുറത്തുള്ള യുവാക്കളെ പ്രതിനിധീകരിക്കുന്ന എൻ.ഇ.ഇ.ടി നിരക്ക്.

ജനസംഖ്യാപരമായ ലാഭവിഹിതം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് യുഎൻ സാമ്പത്തിക, സാമൂഹിക കമ്മീഷൻ (ഏഷ്യ, പസഫിക്) മേധാവി നാഗേഷ് കുമാർ പറഞ്ഞു.

“ഇന്ത്യ യുവത്വമുള്ള രാജ്യമാണ്. വിദ്യാഭ്യാസത്തേക്കാൾ മികച്ച നിക്ഷേപം വേറെ ഇല്ല, ” നാഗേഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എൻ.ഇ.ഇ.ടി വിഭാഗത്തിൽ വീട്ടുജോലികളിൽ ഏർപ്പെടുന്നവരും “വീട്ടമ്മ”മാരും ഉൾപ്പെടുമെന്ന് ലേബർ ഇക്കണോമിസ്റ്റ് പ്രൊഫസർ രവി ശ്രീവാസ്തവ പറഞ്ഞു.

“തൊഴിൽ ഇല്ലാത്തവരിൽ വലിയൊരു വിഭാഗം ഗാർഹിക ചുമതലകളിൽ ഏർപ്പെടുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ തൊഴിലെടുക്കുന്ന ബംഗ്ലാദേശി സ്ത്രീകളുടെ നിരക്ക് വളരെ കൂടുതലാണ്. കൂടാതെ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതിനാൽ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് വളരെ ഉയർന്ന തലത്തിലേക്ക് ഉയർന്നു. അതുകൊണ്ടാണ് എൻ.ഇ.ഇ.ടി ഇന്ത്യയിൽ ഉയർന്നത്. ” രവി ശ്രീവാസ്തവ പറഞ്ഞു.

കേന്ദ്രം പുറത്തിറക്കിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിൽ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 2017-18ൽ 6.1 ശതമാനമാണെന്ന് കണ്ടെത്തി, ഇത് 1972-73 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചപ്പോൾ ലോക ശരാശരി കുറഞ്ഞു, രവി ശ്രീവാസ്തവ പറഞ്ഞു.

ലോക തൊഴിലില്ലായ്മാ നിരക്ക് 5 ശതമാനത്തിന് താഴെ ആണെന്നും ഇത് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള അതേ നിരക്കാണെന്നും യു.എൻ റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി ആഗോള തൊഴിലില്ലായ്മയിലുണ്ടായ ഇടിവ് പ്രധാനമായും വികസിത സമ്പദ്‌വ്യവസ്ഥയിലെ തൊഴിലവസരങ്ങളുടെ ഫലമാണ്. അമേരിക്കൻ ഐക്യനാടുകളിൽ തൊഴിലില്ലായ്മ 2019 ൽ 50 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനമായി കുറഞ്ഞു. ജപ്പാനിലെ തൊഴിലില്ലായ്മ 2.2 ശതമാനമാണ്, ഇത് 27 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

1990 കളുടെ തുടക്കത്തിലും 2010 കളുടെ തുടക്കത്തിലും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ വരുമാന അസമത്വം വർദ്ധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ മികച്ച 10 ശതമാനം വരുമാനക്കാർക്ക് മൊത്തം ദേശീയ വരുമാനത്തിന്റെ 54.2 ശതമാനം ലഭിക്കുന്നു.

സെക്കൻഡറി അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്ന പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു, ദക്ഷിണേഷ്യയിലെ പെൺകുട്ടികളുടെ പകുതിയും 18 വയസ്സ് തികയുന്നതിനു മുമ്പ് വിവാഹിതരാവുന്നു, ഇത് തൊഴിൽ വിപണിയിൽ അർത്ഥവത്തായ പങ്കാളിത്തത്തിനുള്ള സാധ്യതകൾ പരിമിതപ്പെടുത്തി.