സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡി.എം.കെ, എം.പിമാര്‍ പങ്കെടുക്കില്ല, ബഹിഷ്‌കരണം സ്റ്റാലിനെ ക്ഷണിക്കാത്തതില്‍

മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാര്‍ ബഹിഷ്‌കരിക്കും. ചടങ്ങിലേക്ക് ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഡിഎംകെ എറ്റവും വലിയ മൂന്നാം കക്ഷിയായിട്ടും പാര്‍ട്ടി അദ്ധ്യക്ഷനെ ക്ഷണിക്കാത്തതാണ് അവരെ ചൊടിപ്പിച്ചത്.

തമിഴ് നാട്ടില്‍ നിന്നുളള എല്ലാ എം.പിമാര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നിരിക്കെയാണ് സ്റ്റാലിന് അവഗണന. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡിഎംകെയുടെ എംപിമാര്‍ക്കും ക്ഷണമുണ്ട്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പ്രതിപക്ഷ നിരയില്‍ പോരാട്ടം നയിച്ചവരില്‍ പ്രധാനിയാണ് സ്റ്റാലിന്‍.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടി തമിഴ്നാട്ടില്‍ മിന്നുന്ന പ്രകടനമാണ് ഡിഎംകെ നടത്തിയത്. ലോക്‌സഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിയും ഡിഎംകെയാണ്.