യോഗങ്ങളില്‍ ക്ഷണിക്കുന്നില്ല; കോണ്‍ഗ്രസ് മനഃപൂര്‍വം അവഗണിക്കുന്നു, നേതൃത്വത്തെ വിമര്‍ശിച്ച് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. തന്നെ നേതൃത്വം മനഃപൂര്‍വം അവഗണിക്കുകയാണ്. പാര്‍ട്ടി യോഗങ്ങളിലേക്ക് തന്നെ ക്ഷണിക്കുന്നില്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ അഭിപ്രായം ചോദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടുത്തിടെ പാര്‍ട്ടി 75 പുതിയ ജനറല്‍ സെക്രട്ടറിമാരെയും 25 വൈസ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തന്നോട്് ഒരഭിപ്രായവും ചോദിച്ചില്ല. ഏതെങ്കിലും പ്രധാനപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടാതെ പോയോ എന്നെങ്കിലും ചോദിക്കാമായിരുന്നുവെന്ന് ഹാര്‍ദിക് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പട്ടീദാര്‍ നേതാവ് നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ കാലതാമസം നേരിടുന്നത് സംബന്ധിച്ചും കഴിഞ്ഞ ദിവസം ഹാര്‍ദിക് വിമര്‍ശനം ഉന്നയിച്ചിരുന്നു. രണ്ടുമാസമായിട്ടും നേതൃത്വത്തിന് ഇതുവരെ തീരുമാനം എടുക്കാനായില്ല. തിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നേടാന്‍ പാട്ടിദാര്‍ സംവരണ പ്രക്ഷോഭം കോണ്‍ഗ്രസിനെ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാട്ടിദാര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസില്‍ ഹാര്‍ദിക് പട്ടേലിന്റെ ശിക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

2015ലെ കലാപക്കേസില്‍ 2018ല്‍ മെഹ്‌സാന സെഷന്‍സ് കോടതി ഹാര്‍ദിക് പട്ടേലിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹാര്‍ദിക് പട്ടേലിന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ശിക്ഷ സ്റ്റേ ചെയ്തതോടെ വീണ്ടും മത്സരിക്കാനുള്ള സാഹചര്യം തെളിഞ്ഞിരിക്കുകയാണ്.