ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാന്‍ സുപ്രീം കോടതിക്ക് കഴിയുന്നില്ല; കോടതികളുടെ പ്രവര്‍ത്തനം ആശാവഹമല്ലെന്നും അമര്‍ത്യാ സെന്‍

ഹിന്ദുത്വ ശക്തികള്‍ ഭൂരിപക്ഷം ഉപയോഗിച്ച് ഇന്ത്യയുടെ മതേതര സ്വഭാവം മാറ്റാന്‍ ശ്രമിക്കുമ്പോള്‍ വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ കോടതികള്‍ തയ്യാറാകുന്നില്ലെന്ന് നൊബെല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ഏറ്റവും സമഗ്രമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ കോടതികളുടെ പ്രവര്‍ത്തനം ഉചിതമായ രീതിയിലാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂയോര്‍ക്കറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തെ കുറിച്ച് വിശദമായി പറഞ്ഞത്.

ഇന്ത്യയുടെ ബഹുസ്വരതയുടെ സംരക്ഷകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതിക്ക് കഴിയുന്നില്ല. ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ വളരെ പതുക്കെയാണ്. കോടതിയ്ക്ക് ഇക്കാര്യത്തില്‍ ഭിന്നസ്വരം ഉണ്ടെന്ന് വേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു. 40 ശതമാനത്തില്‍ താഴെ വോട്ടു ലഭിച്ചെങ്കിലും വന്‍ ഭൂരിപക്ഷം നേടാന്‍ മോദിക്ക് കഴിഞ്ഞുവെന്നത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പരിമിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇരുപത് കോടിയിലേറെ മുസ്ലിങ്ങളുണ്ട്. ഒരു കോടിയോളം ദളിതരും പിന്നെ വലിയൊരു വിഭാഗം ആദിവാസികളുമുണ്ട്. മോദിയെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം ഹിന്ദുക്കളുമുണ്ട്. അതുകൊണ്ട് ഭൂരിപക്ഷം ആളുകളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു. 2002- ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് കോടതികള്‍ ഒഴിവാക്കിയെന്നതാണ് മോദിയുടെയും അമിത് ഷായുടെയും ഏറ്റവും വലിയ വിജയം.

ഹിന്ദുത്വ ആശയം വിജയിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്ന് അമര്‍ത്യാസെന്‍ വിശദീകരിച്ചു. പൊതു ചര്‍ച്ചകള്‍ നടത്താനും വിമര്‍ശനം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയും മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ടാകുകയും അത്തരമൊരു അവസ്ഥയില്‍ തിരഞ്ഞെടുപ്പില്‍ മോദി വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അത് ഹിന്ദുത്വ ആശയങ്ങളുടെ വിജയമായി കണക്കാക്കാമായിരുന്നുവെന്ന് അമര്‍ത്യാ സെന്‍ പറഞ്ഞു. അത്തരമൊരു സാഹചര്യം ഇന്ത്യയിലില്ല. ഇന്ത്യയെ കുറിച്ചുള്ള വിശാലമായ വീക്ഷണം മോദിയ്ക്കില്ല. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് പ്രചാരണമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണത്തെ ചിട്ടപ്പെടുത്തിയത്. അതേസമയം ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ വലിയ വിജയമാണ് മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആ അര്‍ത്ഥത്തില്‍ ഒരു മോദി ഘടകം ഉണ്ട്. വന്‍ ബിസിനസുകാരുടെ പിന്തുണയും അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞു. തന്റെ രാഷ്ട്രീയ വീക്ഷണങ്ങളെ കുറിച്ചും അമര്‍ത്യാ സെന്‍ തുറന്നു പറഞ്ഞു. മാര്‍ക്‌സിയന്‍ ചിന്തകളാല്‍ സ്വാധീനിക്കപ്പെടുകയും എന്നാല്‍ മാര്‍ക്‌സിസ്റ്റാവാതിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്താണ് താന്‍. മാര്‍ക്‌സിന്റെ ജര്‍മ്മന്‍ ഐഡിയോളജിയും ഗോയ്‌ഥെ പരിപാടിയുടെ വിമര്‍ശനവും തനിക്ക് ഇഷ്ടപ്പെട്ട കൃതികളാണെന്ന് അമര്‍ത്യാ സെന്‍ വിശദീകരിച്ചു. കമ്മ്യൂണിസ്റ്റുകളുടെ ദരിദ്രരോടുള്ള ആഭിമുഖ്യവും തന്നെ ആകര്‍ഷിച്ച ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണെങ്കലും മാര്‍ക്‌സിന് പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കാര്യത്തില്‍ കാര്യമായ താത്പര്യമില്ലായിരുന്നുവെന്നാണ് അമര്‍ത്യാ സെന്‍ പറയുന്നത്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്നത് അന്തഃസാരശൂന്യമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സാദ്ധ്യമാകുന്നത് ചര്‍ച്ചകളിലൂടെയാണെന്ന ജെ.എസ് മില്ലിന്റെ വാക്കുകള്‍ തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ സമൂഹത്തില്‍ മതേതരത്വം എന്നത് ചര്‍ച്ചാവിഷയം പോലും ആകാത്ത തരത്തില്‍ സംവിധാനത്തിന്റെ ഭാഗമായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്‌കൃതവും കണക്കുമായിരുന്നു തന്റെ പ്രിയപ്പെട്ട വിഷയങ്ങളെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു. ഫിക്ഷൻ വായിക്കാനാണ് തനിക്ക് താത്പര്യമെന്ന് പറഞ്ഞ അമർത്യാ സെൻ കുടുതൽ നോവലുകൾ വായിക്കാനുള്ള സമയം തനിക്ക് ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. 85- കാരനായ അമർത്യാ സെന്നിന് 1998- ലാണ് നോബെൽ സമ്മാനം ലഭിച്ചത്. മാനവിക വികസനത്തെ കുറിച്ചുളള പഠനങ്ങളാണ് അമർത്യാ സെന്നിനെ ശ്രദ്ധേയനാക്കിയത്. 1940- കളിലെ ബംഗാൾ ക്ഷാമത്തെ കുറിച്ചുള്ള അമർത്യാ സെന്നിൻ്റെ പഠനം ഏറെ ചർച്ചയായതാണ്. ജനാധിപത്യത്തിൻ്റെ അഭാവമാണ് ക്ഷാമങ്ങൾക്ക് കാരണമാകുന്നതെന്നതാണ് അദ്ദേഹത്തിൻ്റെ പ്രധാന ആശയം. 1999- ൽ രാജ്യം ഭാരത് രത്ന നൽകി ആദരിച്ചു.