സൈനിക ഏറ്റുമുട്ടലുകള്‍ ഒരു പ്രശ്‌നത്തിനുള്ള പരിഹാരമല്ലെന്ന് നരേന്ദ്ര മോദി; 'തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെ'

സൈനികമായ ഏറ്റുമുട്ടലുകള്‍ ഒരു പ്രശ്നത്തിനുമുള്ള പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്നും അല്ലാതെ സൈനിക നടപടികളിലൂടെ അല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി അലക്സാണ്ടര്‍ സ്റ്റബ്ബിനൊപ്പം ഹൈദരാബാദ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മോദി സൈനിക ഏറ്റുമുട്ടലുകള്‍ പ്രശ്‌നത്തിനുള്ള പരിഹാരമല്ലെന്ന് പറഞ്ഞത്.

യുഎസ്, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന വേളയിലാണ് മോദിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ പേര് കൂടി ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.

‘നിയമവാഴ്ചയിലും ചര്‍ച്ചകളിലും നയതന്ത്രത്തിലുമാണ് ഇന്ത്യയും ഫിന്‍ലന്‍ഡും വിശ്വസിക്കുന്നത്. ഒരു പ്രശ്നവും സൈനിക സംഘര്‍ഷത്തിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്. യുക്രൈനായാലും പശ്ചിമേഷ്യ ആയാലും സംഘര്‍ഷം അതിവേഗം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനുമുള്ള എല്ലാ ശ്രമങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം എങ്ങുതൊടാത്ത രീതിയിലായിരുന്നുവെന്നതും ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. നാലുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനായി ബുധനാഴ്ച വൈകിട്ടാണ് ഫിന്‍ലന്‍ഡ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്ബുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് മോദി പ്രതികരണം നടത്തിയത്. ചര്‍ച്ചകളില്‍, തന്ത്രപരമായ പങ്കാളിത്തമെന്ന നിലയില്‍ ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലും ഇന്ത്യ-ഫിന്‍ലാന്‍ഡ് ബന്ധം ബലപ്പെടുത്താനും ഇരുപക്ഷവും തീരുമാനിച്ചു. ‘AI മുതല്‍ 6G ടെലികോം വരെയും, ശുദ്ധമായ ഊര്‍ജ്ജം മുതല്‍ ക്വാണ്ടം കമ്പ്യൂട്ടിംഗ് വരെയും ഉള്ള ഈ പങ്കാളിത്തം നിരവധി ഹൈടെക് മേഖലകളിലെ ഞങ്ങളുടെ സഹകരണത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മിലുള്ള വ്യാപാര ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.