'വികസനത്തെ പറ്റി സംസാരിച്ചോ, വിവാദപ്രസ്താവനകള്‍ വേണ്ട'; സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നൽകി ബിജെപി ദേശീയ നേതൃത്വം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദപ്രസ്താവനകള്‍ വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം. സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി നേതൃത്വം കര്‍ശന നിർദേശം നൽകി. പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥികള്‍ പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നാണ് നിര്‍ദേശം. സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി തെറ്റായ പരാമര്‍ശം ഏതെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായാല്‍ ഉടന്‍ നിയമ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ സ്ഥാനാർത്ഥികളുടെ പ്രസ്താവനകള്‍ തുടര്‍ച്ചയായി വിവാദമാകുന്ന സാഹചര്യത്തിലാണ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും വികസനത്തെ സംബന്ധിച്ച് സംസാരിക്കാനുമാണ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള നിർദേശം. രാജ്യത്തെ എല്ലാ സ്ഥാനാര്‍ത്ഥികളേയും കേന്ദ്രനേതൃത്വം ഇക്കാര്യങ്ങള്‍ അറിയിച്ചു.

നേരത്തെ കങ്കണ റണാവത് ഉള്‍പ്പെടെയുള്ളവർ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. ഇത് വിവാദമായിരുന്നു. ഇനിയും ഇത്തരം പ്രസ്താവനകൾ ആവർത്തിച്ചാൽ അത് തിരഞ്ഞെടുപ്പില്‍ ഏത് രീതിയിൽ പ്രതിഫലിക്കുമെന്നതിൽ വലിയ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ അന്ന് വിവാദ പ്രസ്താവനകള്‍ക്ക് പകരമായി മോദി സര്‍ക്കാരിന്റെ വികസനത്തെക്കുറിച്ചോ സ്ത്രീശാക്തീകരണ പരിപാടികളെക്കുറിച്ചോ സംസാരിക്കാന്‍ ബിജെപി നേതൃത്വം കങ്കണയോട് നിര്‍ദേശിച്ചിരുന്നു.

കങ്കണയ്ക്ക് നൽകിയ താക്കിതിന് പിന്നാലെയാണ് ഇപ്പോൾ വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഇനിയും ആവർത്തിച്ചാൽ അത് പാർട്ടിക്കും തിരഞ്ഞെടുപ്പിലും ക്ഷീണമാകുമെന്നാണ് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്.