'സുൽത്താൻ ബത്തേരി അല്ല, ഗണപതിവട്ടം'; പേര് മാറ്റണമെന്ന് കെ സുരേന്ദ്രൻ

അധിനിവേശത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്ന് വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം ആണെന്നും കെ സുരേന്ദ്രൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പേര് മാറ്റം അനിവാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. താൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ പേര് മാറ്റത്തിന് ആദ്യം പ്രാധാന്യം നൽകും. ഈ വിഷയം 1984 ൽ പ്രമോദ് മഹാജൻ ഉന്നയിച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്ന് താമരശ്ശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിലും സുരേന്ദ്രൻ ഈ ആവശ്യം ആവർത്തിച്ചു.

ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ടാണ് സുൽത്താൻ ബത്തേരി എന്ന പേര് ഉണ്ടായത്. മുഗളന്മാരുടെ കാലഘട്ടത്തിലെ മുസ്ലിം പേരുകളുള്ള സ്ഥലങ്ങൾ, നഗരങ്ങൾ എന്നിവയുടെ പേരുകൾ മാറ്റുന്നത് ബിജെപി അജണ്ടയുടെ ഭാഗമാണ്. ഉത്തരേന്ത്യയിലും ഡൽഹിയിലും ഇത്തരത്തിൽ ബിജെപി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുമുണ്ട്. എന്നാൽ കേരത്തിൽ ഇത്തരത്തിലൊരു ആവശ്യം ആദ്യമായാണ് ബിജെപി ഉന്നയിക്കുന്നത്. അത് ബിജെപിയുടെ സംസ്ഥന അധ്യക്ഷൻ തന്നെ ആവശ്യപ്പെടുന്നുവെന്നത് പ്രധാനമാണ്.