ഡൽഹിയിൽ  ബലാത്സംഗം ചെയ്ത് കൊന്ന ഒമ്പത് വയസ്സുകാരിയുടെ കുടുംബത്തെ കാണാനെത്തിയ ബി.ജെ.പി അദ്ധ്യക്ഷന് നേരെ പ്രതിഷേധം; നീതി തേടി ജനം തെരുവിൽ

ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപതുവയസുകാരിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ഡൽഹി അദ്ധ്യക്ഷൻ ആദേശ് ​ഗുപ്തയ്ക്ക് നേരെ ശക്തമായ പ്രതിഷേധം.  നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധം നടത്തുന്ന സ്ഥലത്തേക്കാണ് ആദേശ് ​ഗുപ്ത എത്തിയത്. അദ്ദേഹം തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രം​ഗത്തെത്തുകയായിരുന്നു. നേരത്തെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എത്തിയിരുന്നു. നിയമപോരാട്ടത്തിന് എല്ലാ വിധ പിന്തുണയും അദ്ദേഹം വാ​ഗ്ദാനം ചെയ്തു.

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഡൽഹി സൗത്ത് വെസ്റ്റ് ഡി സി പി യോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നൽകാൻ  ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ  പ്രതികളെ ആ ദിവസം തന്നെ അറസ്റ്റ് ചെയ്തു വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയെന്ന് ഡി സി പി ഇൻജിത് പ്രതാപ് സിംഗ് പറഞ്ഞു. പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  കുട്ടിയുടെ മരണകാരണം എന്താണെന്ന് ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മരണകാരണം കണ്ടെത്താൻ  കുട്ടിയുടെ ബാക്കിയായ ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തും. കുട്ടിയുടെ കാൽപാദം മാത്രമാണ്  ബാക്കിയായത്. പ്രതികളെ നാർക്കോ , പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കും. കുറ്റപത്രം 60 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയെന്നാണ് നിയമം. ഈ  കേസിൽ അത് അടിയന്തരമായി നൽകാനാണ് ശ്രമിക്കുന്നതെന്നും ഡി സി പി ഇൻജിത് പ്രതാപ് സിംഗ്  പറഞ്ഞു.

ഡല്‍ഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ അമ്മ നേരത്തെ രം​ഗത്തെത്തിയിരുന്നു. മകളുടെ മൃതദേഹം സംസ്കരിക്കുന്നത് തടയാൻ പൊലീസ് ഇടപെട്ടില്ലെന്ന് അമ്മ ആരോപിച്ചു. പൊലീസിനോട് വെള്ളം ഒഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ചെയ്തില്ല. ചിത കെടുത്താൻ ശ്രമിച്ച നാട്ടുകാരെയും പൊലീസ് തടഞ്ഞെന്നും അമ്മ  പറഞ്ഞു.