ആര്‍ത്തവ പരിശോധന; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലിലാണ് സംഭവം. 68 ബിരുദ വിദ്യാര്‍ത്ഥിനികളെയാണ് അധികൃതര്‍ അപമാനകരമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ഇന്ത്യന്‍ വനിതകള്‍ ആര്‍ത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ നീക്കാന്‍ പോരാടുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നും ദേശീയ വനിതാ കമ്മീഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ആര്‍ത്തവ സമയത്തുള്ള ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ഹോസ്റ്റല്‍ മേലധികാരിയുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന നടന്നത്. ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ റിത റാണിന്‍ഗയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് വിവരം.

ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഇവിടുത്തെ നിയമം. ഈ സമയത്ത് മറ്റു കുട്ടികളെ സ്പര്‍ശിക്കാനും പാടില്ല. ഈ നിയമം ചിലര്‍ ലംഘിച്ചുവെന്ന പേരില്‍ പെണ്‍കുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.