ഔറംഗസേബ് മത ഭീകരവാദിയായ ചക്രവര്‍ത്തിയെന്ന് നരേന്ദ്ര മോദി, ഇന്ത്യയില്‍ ചരിത്രം പഠിപ്പിക്കുന്ന രീതി മാറണം

ഇന്ത്യയില്‍ ചരിത്രം പഠിപ്പിക്കുന്ന രീതി ജനങ്ങളില്‍ അപകര്‍ഷതാ ബോധം വളര്‍ത്താനേ ഉതകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സിഖ് ഗുരുവായ ഗോബിന്ദ് സിംഗിന്റെ മക്കളെ മതം മാറി മുസ്‌ളീമാകാത്തതിന്റെ പേരില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരമായി കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുരുഗോബിന്ദ് സിംഗിന്റെ മക്കളായ സൊരേവാര്‍ സിംഗിനെയും ഔറംഗസേബ് കൊലപ്പെടുത്തിയതിന്റെ വാര്‍ഷികാചരണ പരിപാടിയായ വീര്‍ബല്‍ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സേറ്റഡിയത്തിലായിരുന്നു ഈ പരിപാടി

മൂന്നൂറ് വര്‍ഷം മുമ്പ് നടന്ന ഈ ധീരബലിദാനം അനുസ്മരിക്കപ്പെടേണ്ടതാണ്. ഇത്തരം ധീര രക്തസാക്ഷികളുടെ ചരിത്രങ്ങള്‍ രാജ്യത്തെ ജനതയുടെ മനസില്‍ ആത്മാഭിമാനം നിറക്കേണ്ടതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ചരിത്രം പലപ്പോഴും നേരായ ദിശകളിലൂടെയല്ല പഠിപ്പിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യയുട ഭാവി ശോഭനമാകണമെങ്കില്‍ ഇത്തരം ഏക പക്ഷീയമായ ചരിത്രങ്ങള്‍ പഠിപ്പിക്കുന്ന രീതി അനവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

ഗുരു ഗോബിന്ദ് സിംഗിന്റെ പത്തും ഏഴും വയസുള്ള രണ്ട് ആണ്‍മക്കളെയാണ് സിഖ് വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരില്‍ ഔറംഗസീബിന്റെ സേനാനായകനായ വസീര്‍ഖാന്‍ ജീവനോടെ മതിനുള്ളില്‍ അടച്ച് വധിച്ചത്. ഔറംഗസേബിന്റെ മതഭീകരതക്കെതിരെ ഗുരുഗോബിന്ദ് സിംഗ് നിലകൊണ്ടതുകൊണ്ടാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നും മോദി അനുസ്്മരിച്ചു.

പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സോരേവാര്‍സിംഗിനെയും ഫത്തേസിംഗിനെയും ഔറംഗസേബ് വധിച്ച ദിവസമായ ഡിസംബര്‍ 26 നാണ് ലോകത്തെങ്ങുമുള്ള സിഖ് സമൂഹം വീര്‍ബല്‍ ദിവസ് ആയി ആചരിക്കുന്നത്.