മുസാഫർനഗർ വർഗീയ കലാപം; 77 കേസുകൾ ഉത്തർപ്രദേശ്​ സർക്കാർ പിൻവലിച്ചു, ഒഴിവാക്കിയത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ

ഉത്തർപ്രദേശിലെ മുസഫർന​ഗറിൽ നടന്ന വർ​ഗീയ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 77 കേസുകൾ സർക്കാർ പിൻവലിച്ചു. കേസ് ഒഴിവാക്കിയ വിവരം അമിക്കസ്​ ക്യൂറി സുപ്രീംകോടതിയിൽ അറിയിച്ചു.

ഒരു കാരണവും നൽകാതെയാണ് കേസുകൾ സർക്കാർ പിൻവലിച്ചതെന്നാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ് പിൻവലിച്ചത്.

ഓഗസ്റ്റ് 20 ന് ഉത്തർപ്രദേശ് സംസ്ഥാന അഭിഭാഷകൻ തനിക്ക് അയച്ച കത്തിന്റെ ഭാഗമാണ് ഈ വിവരമെന്ന് അമിക്കസ് ക്യൂറി വിജയ് ഹൻസാരി പറഞ്ഞു.

2013 ലെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട 510 കേസുകൾ 6,869 പ്രതികൾക്ക് എതിരെ മീററ്റ് സോണിലെ അഞ്ച് ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, സുപ്രീംകോടതി അമിക്കസ്​ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയക്കു വേണ്ടി അദ്ദേഹത്തിൻറെ അഭിഭാഷക സ്നേഹ കലിത കോടതിയെ അറിയിച്ചു.

Read more

510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. 170 കേസുകൾ റദ്ദാക്കുകയും ചെയ്​തു. തുടർന്നാണ്, സി.ആർ.പി.സിയിലെ 321ാം വകുപ്പ്​ പ്രകാരം 77 കേസുകൾ പിൻവലിച്ചതായി സർക്കാർ അറിയിച്ചത്.