പൊതുജനങ്ങളുമായി ചാനല്‍ നടത്തിയ സംവാദത്തിനിടെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച മുസ്ലിം വിദ്യാര്‍ത്ഥിയെ പഞ്ഞിക്കിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍- വീഡിയോ

ടെലിവിഷന്‍ ചാനലിന്റെ പൊതുജനങ്ങളുമായുള്ള സംവാദത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മുസ്ലിം വിദ്യാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മാര്‍ച്ച് ആറിന് ഉത്തര്‍പ്രദേശിലെ മുസ്സാഫര്‍ നഗറില്‍ ആണ് സംഭവം. ഭാരത് സമാചാര്‍ എന്ന ഹിന്ദി ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത അദ്നാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്.

സൗദി അറേബ്യയില്‍ താമസിക്കുന്ന അദ്നാന്‍ വാര്‍ഷിക പരീക്ഷ എഴുതാനാണ് മുസ്സഫര്‍നഗറില്‍ എത്തിയതെന്ന് കാരവന്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. ആ പ്രദേശത്തെ തൊഴില്‍ സാധ്യതയെ കുറിച്ചും വിദ്യാഭ്യാസ സൗകര്യത്തെ കുറിച്ചും അവതാരകനായ നരേന്ദ്ര പ്രതാപ് പരിപാടിയില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. പ്രതാപിന്റെ ചോദ്യത്തിന് അദ്‌നാന്‍ മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞു. അവന്‍ മുന്നോ നാലോ കാര്യങ്ങള്‍ മാത്രമേ പറഞ്ഞുള്ളുവെന്ന് പ്രതാപ് പറഞ്ഞു.

ചര്‍ച്ചയ്ക്കിടെ ആരെയും ബി.ജെ.പിയെ വിമര്‍ശിച്ചു കൊണ്ട് സംസാരിക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്നും പ്രതാപ് കൂട്ടിച്ചേര്‍ത്തു. യുവാവിനെ രക്ഷിച്ചത് ആര്‍.എല്‍.ഡി ആണെന്നും, പിന്നീട് ആര്‍.എല്‍.ഡിയും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായും പ്രതാപ് വ്യക്തമാക്കി.

ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് നാട്ടില്‍ പണിയൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞു. ഞാന്‍ തീവ്രവാദിയാണെന്നൊക്കെ അവര്‍ പറയാന്‍ തുടങ്ങി. പിന്നീട് എന്നെ മര്‍ദ്ദിക്കുകയും ചെയ്തു. അത് ബി.ജെ.പിയുടെ ആളുകളാണ്. പൊലീസ് ഇതു വരെ നടപടി ഒന്നും എടുത്തിട്ടില്ല. അവര്‍ ശിക്ഷിക്കപ്പെടണം. ഞാന്‍ മുസ്ലിം ആയതിനാലാണ് മര്‍ദ്ദിക്കപ്പെട്ടത്. ഞാന്‍ ബി.ജെ.പിക്കെതിരെ സംസാരിച്ചു. അതു കൊണ്ടാണവര്‍ എന്നെ തല്ലിയത്”- അദ്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു.