സുവർണ്ണ ക്ഷേത്രത്തിലെ സമൂഹ അടുക്കളക്ക് 330 ക്വിന്റൽ ഗോതമ്പ് നൽകി മുസ്ലീങ്ങൾ

സുവർണ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം ലഭിക്കുന്ന സിക്കുകാരുടെ പൊതുവായ അടുക്കളക്ക് മുസ്ലീങ്ങൾ 330 ക്വിന്റൽ ഗോതമ്പ് നൽകി. സുവർണ്ണക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു രാം ദാസ് ലങ്കാറിന് മാലെർകോട്ട ടൗണിൽ നിന്നുള്ള മുസ്ലീങ്ങളാണ് ഗോതമ്പ് നൽകിയത്.

ഭക്ഷ്യധാന്യം കൊണ്ടുവന്ന പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത് സിഖ്-മുസ്‌ലിം സഞ്ജ മഞ്ച് പ്രസിഡന്റ് നസീർ അക്തറാണ്. ദർബാർ സാഹിബിൽ പ്രണാമമർപ്പിച്ച അവർ അകാൽ തക്ത് ജാതേദർ ഗിയാനി ഹർപ്രീത് സിംഗിനെയും കണ്ടു. സമൂഹ അടുക്കളയിൽ അവർ സൗജന്യ ഭക്ഷണ വിതരണത്തിലും പങ്കെടുത്തു.

ഗോതമ്പ് വാഗ്ദാനം ചെയ്തതിന് ഗോൾഡൻ ടെമ്പിൾ ചീഫ് മാനേജർ മുക്താർ സിംഗ്, അഡീഷണൽ മാനേജർ രജീന്ദർ സിംഗ് റൂബി എന്നിവർ പ്രതിനിധി അംഗങ്ങളെ ശിരോവസ്ത്രം നൽകി ആദരിച്ചു. ഗുരുക്കളുടെ കാലം മുതൽ സിഖുകാരും മുസ്ലീങ്ങളും തമ്മിലുള്ള സഹകരണം നിലനിന്നിരുന്നു. ഇത് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് എന്ന് അക്തർ പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം അൻവർ ഖാൻ, ഷബീർ ഖാൻ, മുഹമ്മദ് അർഫാൻ, മുഹമ്മദ് ലിയാകത്ത്, സദാഖ് അലി, മുഹമ്മദ് ഹനീഫ് എന്നിവരുമുണ്ടായിരുന്നു.

നിർദ്ധനരായവർക്കായി സമൂഹ അടുക്കളയിൽ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, “വിശ്വാസം, നിറം, ജാതി, മതം എന്നിവ കണക്കിലെടുക്കാതെ ആളുകൾക്ക് ഇവിടെ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു. ഇതാണ് ഗുരു ദർബറിന്റെ മഹത്വം. ” എന്ന് പറഞ്ഞു.

“മാലെർകോട്ട്‌ലയിലെ മുസ്‌ലിം സമൂഹം അപൂർവമായ ഒരു മാതൃകയാണ് നൽകിയിട്ടുള്ളത്, അത്തരം ശ്രമങ്ങൾ സാമുദായിക ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് പ്രതിനിധി സംഘത്തിന് ശിരോമണി ഗുരുദ്വാര പർഭന്ധക് കമ്മിറ്റി (എസ്‌ജി‌പി‌സി) പ്രസിഡന്റ് ഗോബിന്ദ് സിംഗ് ലോംഗോവൽ നന്ദി പറഞ്ഞു.