ക്രിക്കറ്റ് മത്സരത്തിനിടെ പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍; മംഗളൂരുവില്‍ നടന്നത് ക്രൂരമായ ആക്രമണം; യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

മംഗളൂരുവില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ. വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.

മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. സംഭവത്തില്‍ ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഷ്റഫ് മാനസികവെല്ലുവിളി നേരിട്ടിരുന്നതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ വ്യക്തമാക്കി.

ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. യുവാവ് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍.

ആള്‍ക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഞായറാഴ്ച നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പത്ത് ടീമുകളാണ് പങ്കെടുത്തിരുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു. സച്ചിന്‍ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മംഗളൂരുവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read more

പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് കത്തുനല്‍കിയിട്ടുണ്ട്.