വ്യാജ ടി.ആര്‍.പി തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ റിപ്പബ്ലിക് ടിവി സിഇഒ അടക്കം ആറുപേര്‍ക്ക് മുംബൈ പോലീസിന്‍റെ നോട്ടീസ്

വ്യാജ ടി.ആര്‍.പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ അടക്കം  ആറുപേര്‍ക്ക് മുംബൈ പോലീസിന്‍റെ സമന്‍സ്. ഇന്ന് രാവിലെ 9 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍മാരായ ഹെര്‍ഷ് ഭന്ദാരി, പ്രിയ മുഖര്‍ജി, ചാനലിന്‍റെ ഡിസ്‍ട്രിബ്യൂഷന്‍ തലവനായ ഘനശ്യാം സിംഗ്, ഹന്‍സ റിസേര്‍ച്ച് ഗ്രൂപ്പിന്‍റെ സിഇഒയായ പ്രവീണ്‍ നിജ്‍ഹാര, മറ്റൊരു ജീവനക്കാരന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

എന്നാല്‍ റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലിനെതിരെ ഉയര്‍ന്ന എല്ലാ അരോപണങ്ങളെയും തള്ളിക്കഴിഞ്ഞു. എഫ്ഐആറില്‍ ചാനലിന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് വെള്ളിയാഴ്ച ചാനലിന്‍റെ വെബ്‍സൈറ്റില്‍ നല്‍കിയ വീഡിയോയില്‍ അര്‍ണബ് വ്യക്തമാക്കുന്നത്. സുശാന്ത് സിംഗ് രജ്‍പുത് കേസില്‍ ചാനല്‍ സത്യം വിളിച്ചുപറഞ്ഞതുകൊണ്ടാണ് ചാനലിനെതിരെ നടപടിയുണ്ടാകുന്നതെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു.

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തത്. ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ഇനി പരസ്യം നല്‍കില്ലെന്നും വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസും പാര്‍ലെയും പ്രഖ്യാപിച്ചിരുന്നു.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.