എക്സിറ്റ് പോള്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി; കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ഗവര്‍ണറോട് അവശ്യപ്പെട്ടു

ലോക്‌സഭയില്‍ എന്‍ഡിഎയുടെ ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്ത് ചാടിക്കാനുള്ള തന്ത്രങ്ങളൊരുക്കി ബിജെപി. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതായെന്നും നിയമസഭ പ്രത്യേക സമ്മേളനം വിളിക്കണമെന്നും മധ്യപ്രദേശിലെ പാര്‍ട്ടിനേതൃത്വം ഗവര്‍ണറോട് ആവശ്യപ്പെട്ടു. മൂന്ന് ടേമായി ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ ഭരിച്ചിരുന്ന മധ്യപ്രദേശ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി അധികാരം പിടിച്ചെടുത്തത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കമല്‍ നാഥിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. നിലവില്‍ സര്‍ക്കാരിന് ഭീഷണിയൊന്നും ഉണ്ടായിരുന്നുമില്ല. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ കമല്‍ നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും പ്രത്യേക സെഷന്‍ വിളിക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്.

നേരത്തെ ബി എസ് പി കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അധ്യക്ഷ മായാവതി പറഞ്ഞിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നായിരുന്നു ഇത്.

മധ്യപ്രദേശിന് പുറമെ കര്‍ണാടകയിലും കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി പരീക്ഷിച്ചേക്കും. കോണ്‍ഗ്രസ് – ജെഡിയു പാളയത്തിലുള്ള എം എല്‍ എ മാരെ മറുകണ്ടം ചാടിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടക്കം മുതല്‍ ബിജെപി പരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായതോടെ ഇവിടെയും സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ബിജെപി തീവ്രമാക്കുന്നുണ്ട്.