നിരവ് മോദിയെ അറസ്റ്റ് ചെയ്തത് തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് പ്രതിപക്ഷം, ക്രെഡിറ്റ് മോദിയ്ക്കല്ലെന്നും പിടികിട്ടാപ്പുള്ളിയെ കണ്ടെത്തി വാര്‍ത്ത നല്‍കിയ പത്രറിപ്പോര്‍ട്ടര്‍ക്കാണെന്നും ഒമര്‍ അബ്ദുള്ള

ആയിരക്കണക്കിന് കോടികള്‍ തട്ടിച്ച് രാജ്യം വിട്ട് ആഡംബര ജീവിതം നയിക്കുന്ന നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത് പതിവു പോലെയുള്ള തിരഞ്ഞെടപ്പ് തട്ടിപ്പെന്ന് പ്രതിപക്ഷം. തിരഞ്ഞെടുപ്പിന് നേട്ടമുണ്ടാക്കാനുള്ള വെറും പ്രകടനമാണിതെന്നും ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന് ഒരു മേന്മയും ആവകാശപ്പെടാനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിമര്‍ശിച്ചു.

ബിജെപി അദ്ദേഹത്തെ രാജ്യം വിടാന്‍ സഹായിക്കുക മാത്രമാണ് ചെയ്തത്. തിരഞ്ഞെടുപ്പിന് വേണ്ടിയാണ് അയാളെ ഇന്ത്യയിലേക്ക്‌ കൊണ്ടു വരാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തിരിച്ചു വിടുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ലണ്ടനിലെ ടെലിഗ്രാഫ് പത്രവും അതിന്റെ ലേഖകനുമാണ് മോദിയെ കണ്ടെത്തി കാണിച്ചു കൊടുത്തതെന്നിരിക്കെ അയാളെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മോദി അവകാശപ്പെടുന്നത് രസകരമാണെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

നിരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത് മോദിയുടെ നേട്ടമാണെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറസ്റ്റിന് ശേഷം പ്രതികരിച്ചിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അധികൃതരുടെ ഒത്താശയോടെ 13000 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ നരിവ് മോദിയെ കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരിന് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ടെലഗ്രാഫ് പത്രം മോദിയുടെ ലണ്ടനിലെ ആഡംബര ജീവിതത്തെ കുറിച്ച് വാര്‍ത്ത പുറത്തു വിട്ടത്. പിന്നീട് നടത്തിയ് അന്വേഷണത്തില്‍ ലണ്ടന്‍ പൊലീസ് ആണ് മോദിയെ അറസ്റ്റ്‌ ചെയ്യുന്നത്.