ഗുഡ്ഡി ദേവി ഇന്നും പാചകം ചെയ്യുന്നത് ചാണകം കത്തിച്ച്; ചെമ്പ് തെളിഞ്ഞത് മോദിയുടെ ഉജ്ജ്വല പദ്ധതിയുടെ

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വളരെ പ്രയോജനപ്പെടുമെന്ന് കൊട്ടിഘോഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2016 ല്‍ ഉജ്ജ്വല പദ്ധതിയ്ക്ക് തുടക്കമിട്ടത്. . ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീട്ടിലും പാചക വാതക സിലിണ്ടറുകള്‍ എത്തിക്കുമെന്ന വാഗ്ദാനത്തില്‍ വലിയ തോതില്‍ പരസ്യങ്ങളും പ്രചാരണവും നടത്തിയാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഉജ്ജ്വല പദ്ധതിയുടെ പരസ്യ പോസ്റ്ററുകളിലും ബാനറുകളിലും മുഖമായിരുന്ന ഗുഡ്ഡി ദേവി ഇപ്പോഴും ഉണക്ക ചാണകമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.

ഗുഡ്ഡി ദേവി ഈ പദ്ധതി പ്രകാരം പാചകവാതക സിലിണ്ടര്‍ ലഭിച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ്. പന്ത്രണ്ട് സബ്സിഡി സിലിണ്ടറുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്കു ഒരു വര്‍ഷം ലഭിക്കുക. എന്നാല്‍ മൂന്നുവര്‍ഷം എടുത്താല്‍ പോലും തനിക്ക് പന്ത്രണ്ട് സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയില്ലെന്നാണ് ഗുഡ്ഡി പറയുന്നത്. ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായി സാധാരണക്കാര്‍ ചോദിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിലായ ഗ്രാമപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് താങ്ങായിട്ടാണ് പദ്ധതി എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും എന്താണ് ഗ്യാസിന്റെ വിലയെന്നാണ് ഇവര്‍ തിരിച്ചു ചോദിക്കുന്നത്.

ആദ്യത്തെ കണക്ഷന്‍ കിട്ടുമ്പോള്‍ വില 520 രൂപയായിരുന്നു, എന്നാല്‍ അത് ഇപ്പോള്‍ 770 രൂപയാണ്. 770 രൂപ സിലിണ്ടറിനായി മുടക്കാന്‍ തങ്ങളുടെ പക്കലില്ലെന്നാണ് ഗുഡ്ഡി ദേവി അടക്കം ഉജ്ജ്വല പദ്ധതിയിലെ അംഗങ്ങള്‍ പറയുന്നത്. ഉജ്ജ്വല പദ്ധതിയില്‍ ഉള്ള 30 ശതമാനം ഉപയോക്താക്കള്‍ മാത്രമേ വീണ്ടും സിലിണ്ടര്‍ നിറയ്ക്കാനായി ഗ്യാസ് ഏജന്‍സികളില്‍ എത്തുന്നുള്ളു എന്ന് ഏജന്‍സി ഉടമകളും പറയുന്നു.

പാചകവാതകം ഉപയോഗിക്കാന്‍ നിത്യവും സാധ്യമല്ലാത്തതിനാല്‍ ചാണകവരളിയാണ് ഗുഡ്ഡി ദേവി പാചകത്തിന് ഉപയോഗിക്കുന്നത്. അത് പരിസ്ഥിതിയ്ക്കും  ആരോഗ്യത്തിനും ഒരു പോലെ ഹാനികരമാണു താനും.