"മഹാഭാരതം വീണ്ടും ശരിയ്ക്ക് വായിക്കൂ": മോദി-ഷാ പ്രശംസ നടത്തിയ രജനീകാന്തിനോട് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ശ്രീകൃഷ്ണനോടും അർജ്ജുനനോടും ഉപമിച്ച സൂപ്പർ സ്റ്റാർ രജനികാന്തിനെ വിമർശിച്ച് തമിഴ്‌നാട് കോൺഗ്രസ്. മഹാഭാരതം ശരിയായി വായിക്കാൻ രജനികാന്തിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് സൂപ്പർ സ്റ്റാറിന്റെ മോദി-അമിത് ഷാ പ്രശംസയെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ് അലഗിരി തിങ്കളാഴ്ച പരിഹസിച്ചത്.

ആർട്ടിക്കിൾ 370 ഭേദഗതി വരുത്തിയ കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിക്കുന്നതിനിടെയാണ് രജനികാന്ത് ഞായറാഴ്ച നരേന്ദ്ര മോദിയെയും അമിത് ഷായെയും ശ്രീകൃഷ്ണനോടും അർജ്ജുനനോടും ഉപമിച്ചത്. രജനികാന്തിൽ നിന്നും അത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും അതിൽ അതിശയിക്കുന്നുവെന്നും കെ.എസ് അലഗിരി പറഞ്ഞു.

കശ്മീരിന് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, എന്തുകൊണ്ടാണ് ഇവ കേന്ദ്രം റദ്ദാക്കാത്തത് എന്നത് എല്ലാവരും അറിയണം, അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 മാത്രം ഭേദഗതി ചെയ്യാനുള്ള കാരണം അത് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ് എന്നുള്ളത് കൊണ്ടാണ് അദ്ദേഹം ആരോപിച്ചു.

“കശ്മീരിന് ഒരു തരത്തിലുള്ള നീതിയും മറ്റ് സംസ്ഥാനങ്ങൾക്ക് മറ്റൊരു നീതിയും” എന്ന അമിത് ഷായുടെ നയത്തെ താരം അനുകൂലിക്കുന്നുണ്ടോ എന്ന് കോൺഗ്രസ് നേതാവ് അറിയാൻ ആഗ്രഹിച്ചു.

പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും കൂട്ടുകെട്ട് കൃഷ്ണനും അർജ്ജുനനും തുല്യമല്ല അദ്ദേഹം പറഞ്ഞു: “കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നവർ എങ്ങനെ കൃഷ്ണനും അർജ്ജുനനും ആകും? രജനീകാന്ത്, ദയവായി മഹാഭാരതം വീണ്ടും ശരിയായി വായിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയും ഷായും ശ്രീകൃഷ്ണനെയും അർജ്ജുനനെയും പോലെയാണെന്നും എന്നാൽ ഇവരിൽ ആരാണ് കൃഷ്ണൻ, ആരാണ് അർജ്ജുനൻ എന്ന് അറിയില്ലെന്നുമാണ് രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.