മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ പെൺകുട്ടികളെ പൊതുനിരത്തിൽ നഗ്നരാക്കി നടത്തിച്ച് ക്രൂരത; പൊലീസ് അന്വേഷണം ആരംഭിച്ചു

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി  ഭിക്ഷ തേടി നടത്തിച്ച് ക്രൂരത. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തിൽ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഗ്നരാക്കി നടത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വിശദമാക്കുന്നു.

അഞ്ച് വയസ് പ്രായം വരുന്ന ആറു പെൺകുട്ടികൾ നഗ്നരായി നടക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. തവളയെ കെട്ടിയിട്ട വടിയും കൈയില്‍ പിടിച്ചായിരുന്നു ഈ പ്രദക്ഷിണ സമാനമായ ആചാരം. ദാമോ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ഈ ദുരാചാരം നടന്നത്.  പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് ഇത്തരം ദുരാചാരമെന്നാണ് പൊലീസ് പറയുന്നത്.

ഗ്രാമത്തിലെ എല്ലാ വീടുകളിലും സ്ത്രീകളുടെ അകമ്പടിയോടെ പെണ്‍കുട്ടികളെ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ഭജനകളും കീര്‍ത്തനങ്ങളും പാടിയുള്ള പ്രദക്ഷിണത്തില്‍ ദക്ഷിണയായി ഭക്ഷ്യ ധാന്യങ്ങളും ശേഖരിച്ചിരുന്നു. എന്നാല്‍ ആചാരത്തെ കുറിച്ച് ഗ്രാമീണരില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ എസ് കൃഷ്ണ ചൈതന്യ സംഭവത്തെ കുറിച്ച് പറയുന്നത്. ഇത്തരം ആചാരങ്ങള്‍ മഴ പെയ്യാന്‍ കാരണമാകില്ലെന്നും കൂടുതല്‍ വിളവുണ്ടാകാന്‍ കാരണമാകില്ലെന്നുമുള്ള അറിവ് ഗ്രാമീണര്‍ക്കില്ലെന്നും കളക്ടര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. മഴ ലഭിക്കാത്തതിനാല്‍ വയലിലെ കൃഷി നാശമാകുന്നുവെന്നും മഴ ലഭിക്കാനാണ് ഈ ആചാരമെന്നും പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തുമ്പോള്‍ ഒപ്പമുള്ളവര്‍ പറയുന്നത് വീഡിയോയിലുണ്ട്.