മധ്യവയസ്‌കയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ചു; ആറ് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മധ്യവയസ്‌കയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം ശേഷം മൃതദേഹം കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായത്. സമീപത്തെ ചെമ്മീന്‍ കെട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം. മധ്യവയസ്‌കയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു. ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കയെയാണ് കൊന്നത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിരുന്നു. ഫലമില്ലാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ തിരച്ചിലിലാണ് ചെമ്മീന്‍ കെട്ടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. കൊന്ന് കത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്ന് കത്തിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.