370-ാം വകുപ്പ് റദ്ദാക്കിയതിന്റെ വാര്‍ഷികത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ നീക്കം; മെഹബൂബ മുഫ്തിയും മുതിര്‍ന്ന നേതാക്കളും വീട്ടുതടങ്കലില്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കം മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ വീട്ടുതടങ്കലിലാക്കി.

370 വകുപ്പ് റദ്ദാക്കിയതിനെതിര െ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സെമിനാര്‍ നടത്താന്‍ അനുമതി തേടിയിരുന്നെങ്കിലും ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. മെഹ്ബൂബ മുഫ്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ അര്‍ധരാത്രി, തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായ പോലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ചതിന് പിന്നാലെയാണിത്. മനോവിഭ്രാന്തിയില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍, കശ്മീര്‍ സമാധാനപരമാണെന്ന കോടതിയിലെ അവരുടെ തന്നെ പൊള്ളയായ വാദത്തെ തുറന്നുകാട്ടുന്നു’ – അവര്‍ ട്വിറ്ററില്‍ കുറിച്ചു.

നിയമവിരുദ്ധമായി 370-ാം വകുപ്പ് എടുത്തുകളഞ്ഞത് ആഘോഷിക്കാന്‍ കശ്മീരികളോട് ആവശ്യപ്പെടുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ശ്രീനഗറില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ, ജനങ്ങളുടെ യഥാര്‍ഥ വികാരത്തെ ശ്വാസം മുട്ടിക്കാന്‍ മൃഗീയമായ അധികാരം ഉപയോഗിക്കുകയാണ്. 370-ാം വകുപ്പുമായ ബന്ധപ്പെട്ട വാദം മുന്നിലെത്തുമ്പോള്‍ സുപ്രീംകോടതി ഇതുകൂടെ പരിഗണിക്കുമെന്നാണ് ആശിക്കുന്നതെന്നും മെഹബൂബ പറഞ്ഞു.