ജാമിയ, അലിഗഡ് സംഭവങ്ങള്‍ നിര്‍ഭാഗ്യകരം; അന്വേഷണം വേണമെന്ന് മായാവതി

ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും ജാമിയ മിലിയ ഇസ്ലാമിയയിലും നടന്ന അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഇവിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് മായാവതി ആവശ്യപ്പെട്ടു.

രണ്ട് സര്‍വകലാശാലകളിലും അക്രമങ്ങള്‍ പൊട്ടി പുറപ്പെട്ട സാഹചര്യത്തില്‍ എല്ലാ സമുദായങ്ങളിലുള്ളവരും ശാന്തത പാലിക്കണമെന്ന് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

“ജാമിയ മിലിയ ഇസ്‌ലാമിയയിലെയും അലിഗഡ് സര്‍വകലാശാലയിലെയും അനിഷ്ടസംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. നിരപരാധികളായ നിരവധി വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും ഇത് ബാധിച്ചു. അവര്‍ക്കുള്ള ബി.എസ്.പിയുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു”, മായാവതി ട്വീറ്റ് ചെയ്തു.

യുപി, കേന്ദ്ര സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങളെ കുറിച്ച് ഉന്നതതല ജുഡിഷ്യല്‍ അന്വേഷണം നടത്തണം, അങ്ങനെ യഥാര്‍ത്ഥ കുറ്റവാളികള്‍ സ്വതന്ത്രരല്ലെന്ന് ഉറപ്പു വരുത്തണം. പൊലീസും ഭരണകൂടവും നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം, ഈ തീ രാജ്യത്ത് വളരെ മുഴുവനായി പടരും, പ്രത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍ എല്ലാ സമുദായങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു,” മായാവതി ട്വീറ്ററില്‍ കുറിച്ചു.