ചൗക്കിദാറിന്റെ നാടകം ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ല; ബി.ജെ.പിയെ ജയിക്കാനുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്: മായാവതി

ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. ചൗക്കിദാറിന്റെ നാടകം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കില്ലെന്ന് മായാവതി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സഖ്യത്തില്‍ മത്സരിക്കുന്ന എസ്പി-ബിഎസ്പി-രാഷ്ട്രീയ ലോക്ദള്‍ മഹാസഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് മായാവതി ഇരുമുന്നണികളെയും കടന്നാക്രമിച്ചത്.

വെറുപ്പിനാല്‍ പ്രചോദിതമായ നയങ്ങളാണ് ബിജെപിയുടേതെന്ന് മായാവതി പറഞ്ഞു. ബിജെപി പദ്ധതികള്‍ മുതലാളിമാര്‍ക്കു വേണ്ടിയുളളതാണ്. തെറ്റായ നയങ്ങളും പ്രവൃത്തികളും കാരണം ബിജെപിക്ക് അധികാരം നഷ്ടപ്പെടും. കാവല്‍ക്കാരാണെന്ന വാദവും പൊള്ളത്തരവും കൊണ്ട് വോട്ട് നേടാനാകില്ലെന്നും മായാവതി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെയും കടുത്ത ഭാഷയിലാണ് മായാവതി വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ ഭരണത്തില്‍ മുഴുവന്‍ തെറ്റായ നയ തീരുമാനങ്ങളായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ള പദ്ധതിയാണ് ന്യായ്. തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബിജെപിയും പാവങ്ങളെ ഓര്‍ക്കുന്നതെന്നും മായാവതി വിമര്‍ശിച്ചു.

Read more

ഘട്ബന്ധനു(എസ്പി-ബിഎസ്പി-ആര്‍ എല്‍ ഡി സഖ്യം) മാത്രമേ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ പോരാടാനാകൂ. കോണ്‍ഗ്രസിന് ഇക്കാര്യം അറിയാം- മായാവതി പറഞ്ഞു. തങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും ഘട്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ ജയിക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപിയെ ജയിക്കാനുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നതെന്നും മായാവതി ആരോപിച്ചു.