മദ്യം വാങ്ങാൻ പണം നൽകിയില്ല; ഭാര്യയെ ഭർത്താവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യം വാങ്ങാൻ പണം നൽകാത്തതിന് ഭാര്യയെ ഭർത്താവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കുന്ദ്രവി ​പ്രദേശത്താണ് സംഭവം. കുന്ദ്രവി സ്വദേശി മീന ദേവിയെ(32) ഭർത്താവ് പഠാലിയാണ് കൊലപ്പെടുത്തിയത്. ഇയാൾ മദ്യത്തിന് അടിമപ്പെട്ടിരുന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് സമർ ബഹാദൂർ സിം​ഗ് പറഞ്ഞു.

മദ്യം വാങ്ങാൻ മീന ദേവിയോട് പൈസ ആവശ്യപ്പെട്ടു, കൊടുക്കാതിരുന്നപ്പോൾ പഠാലി ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. ശേഷം പ്രഷർ കുക്കർ ഉപയോ​ഗിച്ച് പലതവണയായി മീനയുടെ തലയിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ മീന മരിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റർമോർട്ടത്തിനയച്ചു.

സംഭവത്തിന് ശേഷം പഠാലി ഒളിവിൽ പോയി. മീനയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഒളിവിൽപോയ പഠാലിക്കെതിരെ പൊലീസ് കേസെടുത്തു. പഠാലിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സമർ ബഹാദൂർ സിം​ഗ് പറഞ്ഞു.