പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി; ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മമത ബാനര്‍ജിയുടെ ഡൽഹി യാത്ര. ശരദ് പവാര്‍ അടക്കമുള്ള മറ്റ് പ്രതിപക്ഷ നേതാക്കളെയും മമത കാണുന്നുണ്ട്.

ബിജെപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്നോട്ട് വയ്ക്കുക. പെഗാസസ് വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് കേന്ദ്രവുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ് മമത ബാനര്‍ജി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. പെ​ഗാസസ് വിവാദത്തിലും കോവിഡ് പ്രതിരോധത്തിൽ ബംഗാളിനെ കേന്ദ്ര സ‍ർക്കാർ അവ​ഗണിച്ചതിലും മമത പ്രധാനമന്ത്രിയെ നേരിട്ട് പ്രതിഷേധം അറിയിച്ചതായാണ് സൂചന.

Read more

പെഗാസസ് വിവാദത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമത ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. പശ്ചിമ ബംഗാളിന് കൂടുതൽ വാക്സീൻ ഡോസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു.