പൗരത്വ പട്ടികയുടെ പേരില്‍ ഒരാള്‍ക്കും ഇന്ത്യ വിടേണ്ടി വരില്ലെന്ന് മമത ബാനര്‍ജി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒരുമിച്ച് നിന്നു കൊണ്ട് ബി.ജെ.പിയെ ഒറ്റപ്പെടുത്തണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമപരമായി ഇന്ത്യന്‍ പൗരന്‍മാരായവരുടെ പൗരത്വം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ബി.ജെ.പിയുടേത്.

ഇതിനെതിരെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒരുമിച്ച് നില്‍ക്കണം. ബി.ജെ.പിയെ ഒറ്റപ്പെടുത്തണമെന്നും മമത ബാനര്‍ജി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുരുലിയയിലെ നടന്ന ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

നിങ്ങളുടെ പേര് തെറ്റ് കൂടാതെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ ചെയ്‌തോളാം. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ പോലും പുറത്തു പോകില്ലെന്ന് ഉറപ്പ് നല്‍കുകയാണ് -മമത ബാനര്‍ജി പറഞ്ഞു.

പൗരത്വം നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ബി.ജെ.പി സര്‍ക്കാര്‍ രാജ്യദ്രോഹികളാക്കുന്നു. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.