​​മഹാത്മാ ​ഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ല; രാജ്യത്തിന് ഒരു പിതാവ് മാത്രമല്ലെന്ന് സവർക്കറുടെ ചെറുമകൻ

മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് വി.ഡി സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മാപ്പപേക്ഷ നൽകിയതെന്ന രാജ്നാഥ് സിം​ഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ പരാമർശവുമായി സവർക്കറുടെ ചെറുമകൻ രം​ഗത്ത്. മഹാത്മാ ​ഗാന്ധിയെ രാഷ്ട്രപിതാവായി താൻ കാണുന്നില്ലെന്ന് രഞ്ജിത് സവർക്കർ പറഞ്ഞു. ഇന്ത്യയെ പോലൊരു രാജ്യത്തിന് ഒരു രാഷ്ട്ര പിതാവ് മാത്രമല്ലെന്നും മറന്നുപോയ ആയിരങ്ങളുണ്ടെന്നും രഞ്ജിത് സവർക്കർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് രഞ്ജിത് സവർക്കർ ഇക്കാര്യം പറഞ്ഞത്.

ആർ.എസ്.എസ് നേതാവ് സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞത്. സവർക്കറെ മോചിപ്പിക്കാൻ തങ്ങൾ പ്രചരണം നടത്തുമെന്ന് ​ഗാന്ധി പറഞ്ഞിരുന്നെന്നും രാജ് നാഥ് സിം​ഗ് പറഞ്ഞു. യഥാർത്ഥ ദേശീയവാദിയായിരുന്നെന്നും അദ്ദേഹം എപ്പോഴും വലിയ സ്വാതന്ത്ര്യസമര സേനാനിയായിരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിചേർത്തു. ഉദയ് മഹുർക്കർ രചിച്ച വീർ സവർക്കർ; ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ എന്ന പുസ്തകം പ്രകാശനം ചടങ്ങിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശനം. ഇതിന് പിന്നാലെ സവർക്കറുടെ പേരിൽ നിരവധി വാദപ്രതിവാദങ്ങൾ നടന്നു.

ഇന്നത്തെ ഇന്ത്യയാണ് സവർക്കർ കണ്ട സ്വപ്‌നമെന്നും മോദിയുടെ ഭരണമാണ് സവർക്കറുടെ സ്വപ്‌നം സാക്ഷാത്കരിച്ചതെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. സവർക്കറെപ്പറ്റി ശരിയായ അറിവിന്റെ അഭാവമുണ്ട്. സവർക്കറെ അടുത്തറിഞ്ഞാൽ ചിലരുടെ യഥാർഥ സ്വഭാവം പുറത്താകും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഗാന്ധിജിയും സവർക്കറും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും അദ്ദഹേം പറഞ്ഞു.

അതേസമയം കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗിന്റെ പരാമർശത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബിജെപി അവതരിപ്പിക്കുന്നതെന്നും ഇങ്ങനെ തുടരുകയാണെങ്കിൽ സവർക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഒവൈസി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.