പരീക്ഷയില്‍ മാര്‍ക്ക് കുറവ്; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെയും ക്ലാര്‍ക്കിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി

ഒമ്പതാം ക്ലാസിലെ പ്രായോഗിക പരീക്ഷക്ക് കുറഞ്ഞ മാര്‍ക്ക് നല്‍കിയെന്നാരോപിച്ച് കണക്ക് അധ്യാപകനെയും സ്‌കൂള്‍ ക്ലാര്‍ക്കിനെയും വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം.

സുമന്‍ കുമാര്‍ എന്ന കണക്ക് അധ്യാപകനെയും സോനെറാം ചൗരെ എന്ന ക്ലാര്‍ക്കിനെയും വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. പരീക്ഷയെഴുതിയ 32 വിദ്യാര്‍ഥികളില്‍ 11 പേര്‍ പരാജയപ്പെട്ടിരുന്നു. ഇവരാണ് സ്‌കൂളിലെത്തി ഇരുവരെയും മര്‍ദ്ദിച്ചത്.

എന്നാല്‍, ഇരുവരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നിത്യാനന്ദ് ഭോക്ത പറഞ്ഞു. കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നു പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രായോഗികപരീക്ഷയില്‍ സുമന്‍കുമാര്‍ മാര്‍ക്ക് കുറച്ചിട്ടതിനാലാണ് തോറ്റതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മാര്‍ക്ക് ജെഎസിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിനാണ് ക്ലാര്‍ക്കിനെ അടിച്ചത്.