ക്ഷത്രിയനായ ശ്രീരാമന്‍ മാംസാഹാരി; വിവാദ പ്രസ്താവനയിലുറച്ച് എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദ്

ശ്രീരാമന്‍ സസ്യാഹാരി ആയിരുന്നില്ലെന്ന ശരദ് പവാര്‍ എന്‍സിപി വിഭാഗത്തിലെ നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് ആണ് ശ്രീരാമന്‍ മാംസാഹാരിയായിരുന്നെന്നും സസ്യാഹാരം മാത്രം കഴിച്ച് വനത്തില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞത്.

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് ഡ്രൈ ഡേയും വെജ് ഡേയും ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് രാം കദം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചിരുന്നു. ഇതിനിടെയാണ് രാമന്‍ മാംസാഹാരിയാണെന്ന് ജിതേന്ദ്ര അവ്ഹാദിന്റെ വിവാദ പരാമര്‍ശം.

ഭഗവാന്‍ രാമന്‍ നമ്മുടേതാണ് പൊതുജനങ്ങളുടേത്. ശ്രീരാമന്‍ മൃഗങ്ങളെ വേട്ടയാടുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. രാമനെ ഉദാഹരിച്ച് എല്ലാവരെയും സസ്യാഹാരിയാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. പക്ഷേ രാമന്‍ സസ്യാഹാരി ആയിരുന്നില്ലെന്നും മാംസാഹാരി ആയിരുന്നെന്നും എന്‍സിപി എംഎല്‍എ പറഞ്ഞു.

14 വര്‍ഷം വനത്തില്‍ കഴിഞ്ഞ വ്യക്തിക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും. നാം ചരിത്രം വായിക്കാറില്ലെന്നും രാഷ്ട്രീയത്തില്‍ എല്ലാം മറക്കുകയാണെന്നും ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു. എംഎല്‍എയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്‍സിപിയിലെ അജിത് പവാര്‍ പക്ഷവും ജിതേന്ദ്രയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജിതേന്ദ്രയുടെ മുംബൈയിലെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ എന്‍സിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അതേ സമയം പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജിതേന്ദ്ര രംഗത്തെത്തിയിട്ടുണ്ട്.

ശ്രീരാമന്‍ എന്താണ് കഴിച്ചത് എന്നതിനെ ചൊല്ലി എന്തിനാണ് വിവാദം. രാമന്‍ ക്ഷത്രിയനായിരുന്നു. ക്ഷത്രിയര്‍ മാംസാഹാരികളാണ്. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും മാംസാഹാരികളാണെന്നും അവരും ശ്രീരാമ ഭക്തരാണെന്നും ജിതേന്ദ്ര പറഞ്ഞു.