മദ്യനയ അഴിമതി കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുന്‍കൂര്‍ ജാമ്യം

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ നിരവധി തവണ സമന്‍സ് അയച്ചിട്ടും ഡല്‍ഹി മുഖ്യമന്ത്രി ഹാജരാകത്തതിനെ തുടര്‍ന്ന് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി കെജ്രിവാളിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

15,000രൂപ ബോണ്ടിലാണ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചത്. രാവിലെ 10 കെജ്രിവാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. ഡല്‍ഹി സെക്ഷന്‍സ് കോടതിയില്‍ സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡി അയച്ച എട്ട് സമന്‍സുകളാണ് കെജ്രിവാള്‍ കൈപ്പറ്റാതെ മടക്കിയത്.

അറസ്റ്റിലേക്ക് കടന്നാല്‍ പ്രതിഷേധിക്കാനുള്ള നീക്കത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടി. ഇതേ തുടര്‍ന്ന് കോടതി പരിസരത്ത് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. മദ്യനയ അഴിമതി കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.