രാഹുല്‍ അദ്ധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണമെന്ന് നേതാക്കള്‍; ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കം

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കം. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസത്തെ പരിപാടികള്‍ നടക്കുന്നത്. സംഘടന രംഗത്ത് സമഗ്രമായ മാറ്റം, പുതിയ ആശയങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടല്‍ എന്നിവയാണ് ചിന്തന്‍ ശിബിര്‍ ഉന്നമിടുന്നത്. ലോക്സഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ആറുമാസംമുമ്പ് തീരുമാനിക്കാനും അതിനനുസൃതമായി തയ്യാറെടുപ്പുകള്‍ നടത്തണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിക്കും. ഡിജിറ്റല്‍ , മാധ്യമരംഗത്ത് വന്‍ അഴിച്ചുപണിയ്ക്കും നിര്‍ദ്ദേശങ്ങളുണ്ട്.

അതേസമയം രാഹുല്‍ഗാന്ധി വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പരിപാടിയില്‍ ശക്തമായി ഉന്നയിക്കും. സച്ചിന്‍ പൈലറ്റ്, ഡി കെ ശിവകുമാര്‍ എന്നിവരും ഇതിനെ പിന്തുണക്കുന്നു.

2013 ലെ ജയ്പുര്‍ സമ്മേളനമാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിന് വഴിതെളിച്ചത്. നിരവധി ആളുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്നു. അദ്ദേഹം തന്നെ മുന്നില്‍ നിന്ന് പാര്‍ട്ടിയെ നയിക്കുമെന്നാണ് കരുതുന്നത് എന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പ്രതികരിച്ചു.