ഇംഫാലിലെ മണ്ണിടിച്ചില്‍; മരണം 81 ആയി, 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിന് അടുത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണ 81 ആയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 18 പേരെ രക്ഷിച്ചു. ഇനിയും 55ഓളം ആളുകളെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം കുറച്ച് ദിവസങ്ങള്‍ കൂടി പുരോഗമിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന്റെ ഇംഫാല്‍- ജിറിബാം നിര്‍മാണ മേഖലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. നിര്‍മാണ മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിര്‍മിച്ചിരുന്ന സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു. റെയില്‍വേ തൊഴിലാളികളും ടെറിറ്റോറിയല്‍ ആര്‍മി 107ാം ബറ്റാലിയനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 20 പേര്‍ മരിച്ചെന്നായിരുന്നു ഇന്നലെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

മോശം കാലാവസ്ഥയും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുകയാണ്. മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈന്യം അറിയിച്ചു. രക്ഷപ്പെടുത്തിയവരെ സൈന്യത്തിന്റെ മെഡിക്കല്‍ യൂണിറ്റില്‍ എത്തിച്ച് ചികിത്സ നല്‍കുന്നുണ്ട്. ആസാം റൈഫിള്‍സ്, എന്‍ഡിആര്‍എഫ്, മണിപ്പൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയില്‍ മഴക്കെടുതികള്‍ രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശക്തമായ മഴയില്‍ റോഡുകള്‍ അടക്കം ഒലിച്ചുപോയി. ഡല്‍ഹിയില്‍ കാലവര്‍ഷം എത്തിയെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.