'പഠനം മുടക്കി സമരം ചെയ്യരുത്'; ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് വിലക്ക്

ലക്ഷദ്വീപിൽ വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കി കൊണ്ടുള്ള ഉത്തരവിറക്കി. പഠനം മുടക്കി സമരം ചെയ്യരുത്. സമരങ്ങള്‍ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന ഹൈക്കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചാണ്   അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദ്വീപിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരുടെയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പോളിടെക്‌നിക് കോളേജില്‍ വർഷോപ്പ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടകള്‍ നടത്തിയ സമരത്തിനിടെ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചിരുന്നു.

ഇത് കടുത്ത വിമര്‍ശനത്തിന് വഴി വെച്ചിരുന്നു.  വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി പ്രതിഷേധം നടത്താനിരിക്കെയാണ് അഡ്മിനിസ്‌ട്രേഷന്‍ നിരോധന ഉത്തരവ്  പുറത്തിറക്കിയത്. സമരങ്ങള്‍ പഠനത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് നിരോധനമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. സമരങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

രാജു കുരുവിള നല്‍കിയ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സൂചിപ്പിച്ചാണ് ഉത്തരവ്.  വിദ്യാര്‍ത്ഥികളുടെ അവകാശ സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്ന് ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍എസ്‌യുഐ ഇന്ന് ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കും.